അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍ത്ത് പശ്ചാത്തപിക്കുന്നു: നയന്‍താര

വെള്ളി, 18 നവം‌ബര്‍ 2011 (15:55 IST)
അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് ഓര്‍ത്ത് പശ്ചാത്തപിക്കുന്നതായി സാഹിത്യകാരി നയന്‍താര സെയ്ഗാള്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സഞ്ജോയ് റോയിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇന്ദിരാഗാന്ധിയുടെ ബന്ധു കൂടിയായ നയന്‍താര ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ട് നിരവധി രചനകള്‍ താന്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.

തന്റെ വിദ്യാഭ്യാസ കാലത്തെ ജീവിതവും ബ്രിട്ടീഷിനു കീഴിലായിരുന്ന ഭാരതത്തിന്റെ സാംസ്ക്കാരിക അന്തരീക്ഷത്തെയും പറ്റി നയന്‍താര വാചാലയായി. തന്റെ അമ്മാവനായ ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നും അമ്മ വിജയലക്ഷ്മി പണ്ഡിറ്റില്‍ നിന്നും സ്വീകരിച്ച ആദര്‍ശങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രതിഫലിച്ചതായി അവര്‍ വ്യക്തമാക്കി. ആ കാലത്തുള്ള തന്റെ കാഴ്ചപ്പാടുകള്‍ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായിരുന്നു. നെഹ്റുവില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു.

ഫെമിനിസ്റ്റ് എന്ന പദവിക്ക് താന്‍ അര്‍ഹയല്ലെന്നും നയന്‍താര സെയ്ഗാള്‍ പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ ഉറച്ചുനില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച നയന്‍താരയുടെ സിവി ലൈസന്‍സിംഗ് എ സാവേജ് വേള്‍ഡ് എന്ന പുസ്തകത്തില്‍ നെഹ്റുവിന്റെ വിദേശനയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലേക്ക് നീങ്ങുക്കൊണ്ടിരിക്കുകയാണെന്നും നയന്‍താര സെയ്ഗാള്‍ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക