ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ മകരവിളക്ക് മഹോത്‌സവത്തിന് ആരംഭമായി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ക്ഷേത്രത്തിലേക്കെത്തികൊണ്ടിരിക്കുന്നത്. ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്.
മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്.
ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായിരിക്കുകയാണ്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെയാണ് ശരംകുത്തിയിലെത്തുക. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം ഇവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി പൊന്നമ്പലമേട്ടില്‍ മകരസംക്രമ നക്ഷത്രവും മകരജ്യോതിയും ദര്‍ശനമാകും.