മാവേലിക്കര ഇത്തവണ ആർക്കോപ്പം?

ബുധന്‍, 10 ഏപ്രില്‍ 2019 (17:25 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ യുഡിഎഫിനെ കൈവിടാത്ത കണക്കുകളാണ് മാവേലിക്കരയുടേത്. നിയമസഭയിലേക്ക് ആകട്ടെ മറിച്ചും. പ്രളയവും ശബരിമല യുവതി പ്രവേശനവും സാമുദായിക നിലപാടുകളുമെല്ലാം പ്രധാനപ്പെട്ടതാകുന്ന സംവരണ മണ്ഡലത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കും കാര്യമായി വോട്ടുവര്‍ധിക്കുന്നുണ്ട്.
 
മൂന്ന് ജില്ലകളില്‍ നിന്നുളള ഏഴ് മണ്ഡലങ്ങള്‍ ചേര്‍ന്നുളള മാവേലിക്കരയുടെ ലോക്‌സഭാ ചിത്രത്തില്‍ വിജയം യുഡിഎഫിനൊപ്പമാണ് ഏറെയും ചേര്‍ന്ന് നിന്നിട്ടുളളത്.കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവയാണ് മാവേലിക്കരയില്‍ ഉള്‍പ്പെടുന്നത്. 
 
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളിൽ  ചങ്ങനാശേരി ഒഴികെ ആറും എല്‍ഡിഎഫിനാണെങ്കിലും യുഡിഎഫിന് ഇവിടെ ആത്മവിശ്വാസക്കുറവ് ഒട്ടുമില്ല. സിറ്റിങ് എംപിയായ കൊടിക്കുന്നില്‍ സുരേഷ് മൂന്നാമതും മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ 1977ന് ശേഷം രണ്ടുതവണ മാത്രമാണ് യുഡിഎഫിന് മണ്ഡലം കൈവിട്ടതെന്നത് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആറ് തവണ ലോക്‌സഭയില്‍ എത്തിയ കൊടിക്കുന്നിലിന്റെ ഒമ്പതാമത്തെ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 
 
2004ല്‍ സി.എസ് സുജാതയ്ക്ക് ശേഷമൊരു വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ മിന്നുംവിജയവും മൊത്തം 1,43,263 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നു.സിപിഐയുടെ സീറ്റായ മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാറാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞതവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന കാലതാമസം ഉള്‍പ്പെടെ വിനയായെങ്കില്‍ ഇത്തവണ പഴുതടച്ചാണ് ചിറ്റയത്തെ മുന്‍നിര്‍ത്തിയുളള എല്‍ഡിഎഫ് പ്രചാരണം. 
 
കൂടാതെ ആർ‍. ബാലകൃഷ്ണപിളള നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിന്റെ ഭാഗമായതും ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ഇടതുപക്ഷുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കെപിഎംഎസിന് മണ്ഡലത്തിലുളള സ്വാധീനവും ഗുണമാകുമെന്നാണ് വിലയിരുത്തല്‍
 
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍കേരളത്തില്‍ ബിജെപി ഏറെ നേട്ടമുണ്ടാക്കിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ എന്‍ഡിഎ മുന്നണിയിലെ ബിഡിജെഎസാണ് മത്സരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പി. സുധീര്‍ 79,743 വോട്ടാണ് നേടിയത്. 
 
2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ അടക്കമുളള മണ്ഡലങ്ങളില്‍ നേടിയ കുതിപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 1,20,698 ആയി. തഴവ സഹദേവനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ മത്സരിച്ച തഴവ സഹദേവന്‍ 21,742 വോട്ട് നേടിയിരുന്നു.
 
എന്‍എസ്എസിന്റെ ആസ്ഥാനം,ശബരിമല തന്ത്രിമാരുടെ കുടുംബം എന്നിവ മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്നുളള സാഹചര്യത്തില്‍ സമുദായ സംഘടനകളുടെ വോട്ട് നിര്‍ണായകമാണ്. പ്രളയം ഏറെ ബാധിച്ച കുട്ടനാട്, ചെങ്ങന്നൂര്‍ പ്രദേശങ്ങളും എങ്ങനെ വോട്ടുചെയ്യുമെന്നത് ഇവിടുത്തെ ജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ ഘടകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍