പി സി ജോർജ് എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 4 മണിക്ക്

ബുധന്‍, 10 ഏപ്രില്‍ 2019 (13:17 IST)
കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയുടെ ഘടക കക്ഷിയാകുന്നു. പ്രഖ്യാപനം ഇന്ന് വൈകിട്ട് നാല് മണിക്ക് ഉണ്ടാകും. പത്തനംതിട്ടയിൽ വച്ചായിരിക്കും പ്രഖ്യാപനം നടക്കുക. കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പത്തനംതിട്ടയിലേക്ക് താന്‍ ഉടന്‍ പോകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
 
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുപ്പുവസ്ത്രം ധരിച്ച് ജോര്‍ജ് സഭയില്‍ എത്തുകയും ചെയ്തിരുന്നു.
 
ഇതിന് പിന്നാലെ ജോര്‍ജ് ബിജെപിലേക്കെന്ന വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍ ബിജെപിയില്‍ ചേരുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ജോര്‍ജ് തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുന്ന കെ.സുരേന്ദ്രനെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു. പത്തനംതിട്ടയില്‍ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുനല്‍കുമെന്നാണ് ജോര്‍ജ് വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍