രാഘവൻ വീണ്ടും വെട്ടിൽ; വീഡിയോ കെട്ടിച്ചമച്ചതല്ല, ശാസ‌്ത്രീയ പരിശോധനയ‌്ക്ക് ദൃശ്യം അയക്കാൻ തയ്യാറെന്ന് ടിവി 9 ഗ്രൂപ്പ‌് എഡിറ്റർ

ശനി, 6 ഏപ്രില്‍ 2019 (11:58 IST)
കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ എം കെ രാഘവനെതിരായ ഒളി ക്യാമറാ റിപ്പോർട്ടിൽ വിശദീകരണവുമായി ‘ടിവി 9 ഭാരത‌്‌വർഷ‌്’ വാർത്താചാനൽ. വീഡിയോ കെട്ടിച്ചമച്ചതാണെന്ന എം കെ രാഘവന്റെ നിലപാട് പാടെ തള്ളിയാണ് ടിവി 9 ഗ്രൂപ്പ‌് എഡിറ്റർ വിനോദ‌് കാപ്രി രംഗത്തെത്തിയത്. എം കെ രാഘവനെതിരായ തെളിവുകൾ ഉൾപ്പെടുന്ന വീഡിയോ ദൃശ്യം ശാസ‌്ത്രീയ പരിശോധനയ‌്ക്കായി ഏത‌് അന്വേഷണ ഏജൻസിക്കും കൈമാറാൻ ഒരുക്കമാണെന്ന‌ുന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദ‌് കാപ്രിയുടെ പ്രതികരണം.
 
 
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ‌് കാലയളവിൽ നടത്തുന്ന അഴിമതിയും കള്ളപ്പണ ഉപയോഗവും വെളിച്ചത്ത് കൊണ്ടുവരികയെന്നതാണ് രാജ്യവ്യാപകമായി നടത്തിയ ഒളിക്യാമറാ ഓപ്പറേഷന്റെ ലക്ഷ്യം. തങ്ങള്‍ പുറത്ത് വിട്ട ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ല. എം കെ രാഘവന്റെ ദൃശ്യങ്ങളും ശബ‌്ദവും തന്നെയാണ‌് സംപ്രേഷണം ചെയ‌്തത‌്. ശബ‌്ദം ഡബ്ബ‌് ചെയ‌്തുചേർത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ‌്. ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ‌് കമീഷന‌് പരിശോധിക്കാം. ശാസ‌്ത്രീയ പരിശോധനയ‌്ക്കായി കേന്ദ്ര ഫോറൻസിക്ക‌് സയൻസ‌് ലബോറട്ടറിക്ക‌് കൈമാറാൻ ഒരുക്കമാണ്. അഴിമതിക്കാരായ ജനപ്രതിനിധികൾ തുറന്നുകാട്ടപ്പെടണമെന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറയുന്നു.
 
എം രാഘവനെ മാത്രമല്ല കോൺഗ്രസുകാരും ബിജെപിക്കാരും മറ്റ‌് പാർടിക്കാരുമുൾപ്പെടെ വിവിധ പാർടികളിൽപ്പെട്ട 18 ഓളം എംപിമാരെ തങ്ങൾ സമീപിച്ചികരുന്നു. മുൻകാല തെരഞ്ഞെടുപ്പുകളിൽ പലരും കള്ളപണം ഉപയോഗിച്ചതായും പലരുടെയും അഴിമതി ബന്ധങ്ങളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന‌് പിന്നിൽ സിപിഎമ്മാണെന്നുള്ള എംകെ രാഘവന്റെ ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
 
ഏപ്രിൽ മുന്നിന്നാണ് എം കെ രാഘവന്റെ വിവാദ വെളിപ്പെടുത്തൽ ‘ടിവി 9 ഭാരത‌്‌വർഷ‌്’ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്ത് വിട്ടത്. ഹോട്ടൽ ഭൂമിയ‌്ക്കായി അഞ്ചുകോടി നൽകാമെന്ന‌് പറയുമ്പോൾ ഡൽഹിയിലെ അദ്ദേഹത്തിന്റെ സെക്രട്ടറിയെ ബന്ധപ്പെടാനാണ് എംകെ രാഘവൻ പറയുന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടിയോളം രൂപ ചെലവായതായും പോളിങ‌് ദിവസം വോട്ടർമാർക്ക‌് മദ്യം നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ ഗുരുതരമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. സംഭവത്തിൽ റിപ്പോർട്ട് സമർ‌പ്പിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ല കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍