നീന... തിരുവനന്തപുരത്ത് ഈ മഴയത്തും വെയിലത്തും നിന്നെയോര്‍ത്ത് ഞാന്‍ !

നീയറിയാത്ത ഞാന്‍

ചൊവ്വ, 30 മെയ് 2017 (17:01 IST)
നീന... നിന്നെ കാണാന്‍ വേണ്ടിയാണ് ഞാന്‍ തിരുവനന്തപുരത്ത് വന്നത്. നീയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ. നീയില്ലെങ്കിലും അവിടെയെല്ലാം നീയുണ്ട് എനിക്ക്. മറ്റാരും കണ്ടിട്ടില്ലാത്ത നീ. കുറച്ചുദിവസം അവിടെ ഒറ്റയ്ക്ക് നടന്നാല്‍ എനിക്കുനിന്നെ കിട്ടും. എന്തിന് കുറച്ചുദിവസം? ഒരുമണിക്കൂര്‍ നടന്നാല്‍ മതി. എനിക്ക് നിന്നെ കേള്‍ക്കാനും കാണാനുമാവും. ഒരുകാലത്ത് നമ്മള്‍ കൈകോര്‍ത്തുപിടിച്ചുനടന്ന വഴികളിലൂടെ, അനന്തപുരിയുടെ മണ്ണിലൂടെ യാത്ര ചെയ്തു ഞാന്‍.
 
നമ്മള്‍ നടന്ന വഴികളിലൂടെയൊക്കെ നടന്നു. നമ്മള്‍ ഒരുമിച്ച് കാപ്പികുടിച്ച കോഫി ഹൌസില്‍ കയറി. കോഫി ഹൌസിനടുത്ത് വലിയ വലിയ ഹോട്ടലുകളൊക്കെ വന്നിട്ടുണ്ട്. പക്ഷേ നമ്മള്‍ ഒരുമിച്ചുകുടിച്ച ആ പഴയ കോഫിയുടെ രുചി നാവില്‍ കിനിയണമെങ്കില്‍ കോഫിഹൌസില്‍ തന്നെ പോകണമല്ലോ.
 
തിരുവനന്തപുരം പഴയ തിരുവനന്തപുരമല്ല എന്ന് ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് തലസ്ഥാന നഗരത്തിന്‍റെ മാറ്റങ്ങള്‍. പുതിയ മേല്‍പ്പാലങ്ങള്‍, പുതിയ ഷോപ്പിംഗ് മാളുകള്‍, പുതിയ റോഡുകള്‍. പക്ഷേ സ്നേഹമുള്ള മനുഷ്യരുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. ചായക്കടയില്‍, സിനിമാ തിയേറ്ററില്‍, റോഡരുകില്‍, ആരാധനാലയങ്ങളില്‍ എല്ലാം കണ്ടുമുട്ടിയത് പണ്ട് നമ്മള്‍ പരിചയപ്പെട്ടവരുടെ, നമ്മുടെ സൌഹൃദങ്ങളുടെ പുതിയ പതിപ്പുകള്‍ മാത്രം. എന്നാല്‍ കേസരി സ്മാരക ഹാളിനുമുന്നിലെ അന്തരീക്ഷം പുതിയതാണ്. അവിടെ ഞാന്‍ വേറെയാരോ ആയതുപോലെ തോന്നി. ഈ വരവില്‍ ഒരു അപരിചിതനെയെന്നപോലെ എന്നെ വലിച്ചുമാറ്റിയത് അവിടം മാത്രമാണ്.
 
തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോള്‍, നീയവിടെയില്ല എന്നോര്‍ത്തപ്പോള്‍ എനിക്ക് വലിയ നഷ്ടബോധം അനുഭവപ്പെട്ടു. അതിന്‍റെ ചുവപ്പുകൂട്ടിക്കൊണ്ട് മഴയും പെയ്യാനാരംഭിച്ചു. അത്രവലിയ മഴയല്ല. സങ്കടം വിങ്ങിപ്പൊട്ടിയുള്ള കുഞ്ഞുമഴ. മഴയത്ത് നടന്നും, ഓട്ടോയിലും ബസിലും യാത്രചെയ്തും ഞാന്‍ തിരുവനന്തപുരം അനുഭവിച്ചു. ഇടയ്ക്ക് അല്‍പ്പം ലക്‍ഷ്വറി വേണമെന്ന് തോന്നിയപ്പോള്‍ യൂബര്‍ ടാക്സി വിളിച്ചു. എങ്ങനെ കണ്ടാലും തിരുവനന്തപുരത്തിന്‍റെ ഹൃദയം മാറിയിട്ടില്ല. വസ്ത്രങ്ങള്‍ മാത്രം മാറി. ചോരയൊഴുക്ക് പഴയതുതന്നെ.
 
സെക്രട്ടേറിയറ്റിന് മുന്നില്‍ പുതുമയൊന്നുമില്ല. കെട്ടിടത്തിന്‍റെ പ്രൌഡി അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. സൌത്ത് ബ്ലോക്കിലെ പൊലീസുകാരോട് കുശലം പറഞ്ഞിട്ട് മുമ്പോട്ടുനടക്കുമ്പോള്‍ അവിടെ ആ പഴയ പതിവുകാഴ്ച. സമരങ്ങള്‍, പലവിധ സമരങ്ങള്‍. കുത്തിയിരിപ്പുസമരങ്ങള്‍. വലിയ ആഹ്വാനങ്ങളും ആക്രോശങ്ങളും. ഇടയ്ക്ക് നല്ല താളത്തില്‍ പാട്ട്. സമരങ്ങള്‍ അരങ്ങേറുന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റിന് എന്നും പ്രായം പതിനെട്ടാണ്.
 
സ്റ്റാച്യുവും കടന്ന് മുന്നോട്ടുനടക്കവേ ഗൃഹാതുരത വന്നെന്നെ മൂടി. യൂണിവേഴ്സിറ്റി കോളജിന്‍റെ ചുവപ്പ് എന്‍റെ ഉള്ള് പൊള്ളിച്ചു. അതിനുമുന്നിലെ വെയ്റ്റിംഗ് ഷെഡില്‍ എത്രസന്ധ്യകളില്‍ നിന്‍റെ കൈപിടിച്ച് നിന്നിട്ടുണ്ട്! ഒടുവില്‍ ഏതെങ്കിലുമൊരു ബസില്‍ നീ കയറുമ്പോള്‍, അവസാനനിമിഷത്തിലെ തീരുമാനത്തിന്‍റെ പുറത്ത് ഞാനും ഓടിക്കയറിയിട്ടുണ്ട്. അങ്ങനെ എത്രയെത്ര യാത്രകള്‍. കണ്ണുകള്‍ പരസ്പരം സംസാരിച്ചുകൊണ്ട് നടത്തിയ സന്ധ്യാസഞ്ചാരങ്ങള്‍. 
 
ഇടയ്ക്ക് ഒറ്റയ്ക്കിരിക്കണമെന്ന് നോക്കിയപ്പോള്‍ സംസ്കൃതകോളജിന്‍റെ ശൂന്യസ്ഥല സമ്പന്നത. അവിടെ കെട്ടിയുയര്‍ത്തിയ ഒരു സിമന്‍റുതറയില്‍, തോര്‍ന്ന മഴയുടെ ബാക്കിഭംഗി ആസ്വദിച്ചിരുന്നു കുറേനേരം. ഒരു പ്ലാവില്‍ നിറയെ ചക്കകള്‍. അതിന് താങ്ങാന്‍ പറ്റാത്തവിധം ചക്കകളുടെ കൂട്ടം. ഇനി ചക്കകള്‍ മഴയായ് പെയ്തത് മരത്തില്‍ തങ്ങിനില്‍ക്കയാണോ? ഉറുമ്പുനടത്തവും തറയില്‍ കറുപ്പുനിഴലുകള്‍ കാട്ടുന്ന മെഴവെള്ളവൃത്തങ്ങളും നോക്കിയിരുന്നു അങ്ങനെ. പിന്നെ പുറത്തേക്കുനടന്നു. അല്‍പ്പം വലിയ ഒരു ഹോട്ടലില്‍ കയറി ഒരു ചായകുടിച്ചു. ‘പരിപ്പുവടവേണോ ഉഴുന്നുവടവേണോ?’ എന്ന് ചായകൊണ്ടുവച്ച ചേട്ടന്‍. പരിപ്പുവടയുടെ മൊരിഞ്ഞ രുചി ഓര്‍ഡര്‍ ചെയ്തു.
 
ഞാന്‍ പറഞ്ഞില്ലേ, തിരുവനന്തപുരത്തിന്‍റെ ആത്മാവിന് ഒരു മാറ്റവുമില്ല. അങ്ങനെ മാറ്റമില്ലാതെ നിലനിര്‍ത്തുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണല്ലോ വഴിയോരത്തെ പുസ്തകക്കടകള്‍. പഴയപുസ്തകങ്ങളുടെ വലിയ ശേഖരങ്ങള്‍. പണ്ട് നീ ഇവിടെനിന്ന് വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ലല്ലോ. അതൊക്കെ വായിച്ച് ആവേശം നിറഞ്ഞ അഭിപ്രായങ്ങള്‍ പറയുന്നതും പതിവുകാര്യം. ഒരിക്കല്‍ നീ പറഞ്ഞു, എത്ര പണമുണ്ടായാലും ഞാനിവിടെവരും. ഈ പഴയപുസ്തകങ്ങള്‍ വാങ്ങിക്കൂട്ടും. ഏതെങ്കിലും പഴയ ലോഡ്ജുമുറിയില്‍ മുറിയെടുക്കും. അവിടെ പഴയപുസ്തകങ്ങളും പഴയ നീയും ഞാനും. നമ്മുടെ ഏറെപ്പഴകിയ പ്രണയം അവിടെ ആഘോഷിക്കണം. പഴയ റേഡിയോയില്‍ നിന്ന് പാട്ടുകേള്‍ക്കണം. പുസ്തകക്കൂട്ടങ്ങള്‍ക്ക് നടുവില്‍ തുണിയില്ലാതെ ഉറങ്ങണം. 
 
ചന്ദ്രശേഖരന്‍‌നായര്‍ സ്റ്റേഡിയത്തിന്‍റെ ട്രാക്കുകള്‍ മഴയില്‍ നനഞ്ഞുകിടന്നു. ആ ട്രാക്കിലൂടെ നീ കുതിച്ചോടിപ്പോകുന്നത് ഓര്‍മ്മയുണ്ട്. ഞാനെന്നും ഗാലറിയിലെ കാഴ്ചക്കാരനായിരുന്നു. എനിക്ക് ഇന്നും ദഹിക്കാത്ത ഒരു സംഗതിയുണ്ട്. നീയീ സ്പോര്‍ട്സും കവിതയും എങ്ങനെ ഒരുമിച്ചുകൊണ്ടുനടന്നു? ഒറ്റയ്ക്ക് ചിന്തിച്ചിരുന്ന് എന്തെങ്കിലും കുത്തിക്കുറിക്കേണ്ട നിമിഷങ്ങളില്‍ പ്രാക്ടീസെന്നും പറഞ്ഞ് വെറുതേ വിയര്‍ത്തു? പക്ഷേ പിന്നീട് എനിക്ക് ബോധ്യമായിട്ടുണ്ട്, നിന്നിലെ കവിതതന്നെയാണ് ആ ട്രാക്കിലൂടെ കുതിച്ചോടിയത്. നീയെന്ന പെണ്ണിന്‍റെ ഉടലാട്ടങ്ങള്‍ കടലാസില്‍ കവിതയായും ട്രാക്കില്‍ വിജയമായും മാറി. 
 
ഇന്ന് ഇവിടെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മിസ് ചെയ്യുന്നത് നിന്‍റെ പൊട്ടിച്ചിരികളാണ്. പിന്നെ, കത്തുന്നവെയില്‍ മാറി പെട്ടെന്ന് മഴ പെയ്യുന്നതുപോലെയുള്ള നിന്‍റെ കരച്ചില്‍. നീയെപ്പോള്‍ ഉച്ചത്തില്‍ ചിരിക്കുമെന്നോ എപ്പോള്‍ പൊട്ടിക്കരയുമെന്നോ എനിക്ക് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഭയം ഉള്ളിലിട്ടായിരുന്നു നിന്നോടുള്ള എന്‍റെ സംസാരങ്ങള്‍. മിക്കദിവസവും നാലുമണി കഴിയുമ്പോള്‍ പട്ടം സെന്‍റ്‌മേരീസ് സ്കൂളിന്‍റെ കവാടത്തിനരികെ വന്നുനിന്ന് പുറത്തേക്കുവരുന്ന പെണ്‍കുട്ടികളെ നോക്കുന്ന ഒരു പതിവ് നിനക്കുണ്ടായിരുന്നത് ഓര്‍ക്കുന്നുവോ? നീ പറയുമായിരുന്നു. ‘എനിക്ക് മടങ്ങിപ്പോകണം ആ യൂണിഫോമിനുള്ളിലേക്ക്. അതിലെ സ്വാതന്ത്ര്യത്തിലേക്കും ആഹ്ലാദത്തിലേക്കും’. വീണ്ടും പോയി അഞ്ചാം ക്ലാസില്‍ ചേര്‍ന്നോളൂ എന്ന എന്‍റെ തമാശയ്ക്ക് കൈത്തണ്ടയില്‍ കിട്ടിയത് നിന്‍റെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ടുള്ള എത്ര പോറലുകള്‍ !
 
വൈരുദ്ധ്യങ്ങളായിരുന്നു നിന്‍റെ സൌന്ദര്യം എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. നിന്‍റെ ലോകം വിശാലമായിരുന്നു. കോണ്‍‌ട്രഡിക്ടറിയെന്നോ ഐറണിയെന്നോ പേരിട്ടുവിളിക്കുന്ന പല കാര്യങ്ങളും നിന്നില്‍ ചേര്‍ന്നുനിന്നിരുന്നു. അതേ, അതുതന്നെയായിരുന്നു നിന്‍റെ സൌന്ദര്യം. മാസ് കമ്യൂണിക്കേഷന്‍ ക്ലാസില്‍ നിന്ന് നേരെ ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി അവിടത്തെ അംഗങ്ങളുമായി സംസാരിച്ചിരിക്കുന്ന നിന്നെ കണ്ടിട്ടുണ്ട്. ജില്ലയുടെ വികസനവും കാര്യങ്ങളുമൊക്കെ റിപ്പോര്‍ട്ടുകളാക്കുയാണ് ചെയ്യുന്നത്. സെക്രട്ടേറിയറ്റും നിയമസഭയും കിടക്കുമ്പോള്‍ നീയിങ്ങനെ ജില്ലാ പഞ്ചായത്തില്‍ കയറിയിറങ്ങുന്നതെന്ത് എന്ന് ചോദിച്ചപ്പോള്‍ - ന്യൂസ് വാല്യു എന്നത് ആള്‍ വലിപ്പമോ ഇമേജോ അധികാരത്തിന്‍റെ വലിപ്പമോ അല്ല എന്നായിരുന്നു മറുപടി. 
 
പത്മനാഭ സ്വാമിക്ഷേത്രവും പാളയം പള്ളിയുമൊക്കെ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന നീ എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച തുമ്പയിലേക്കുള്ള വഴിയിലുള്ള, ഒരു മാതാവിന്‍റെ പള്ളിയില്‍ പോകാറുണ്ടായിരുന്നത് ഓര്‍ക്കുന്നു. അതിന്‍റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. അവിടെ ഞാന്‍ ഇന്നുപോയി. പള്ളിയില്‍ കൈകൂപ്പി കണ്ണടച്ച് നില്‍ക്കുന്ന നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ആ അന്തരീക്ഷത്തില്‍ സ്വയം നഷ്ടപ്പെട്ട് നടക്കാനായിരുന്നു നിനക്കിഷ്ടം. ഞാനും അവിടെ ചുറ്റിത്തിരിഞ്ഞുനടന്നു.
 
റിസര്‍വ് ബാങ്കിന്‍റെ മുന്നിലൂടെയുള്ള ഉയര്‍ന്ന വഴിയിലൂടെ സ്കൂട്ടി ഓടിക്കുന്നത് നിനക്കിഷ്ടമായിരുന്നു. നിന്‍റെ പിന്നിലിരുന്ന് പോകാന്‍ ഞാനില്ല എന്ന് പറഞ്ഞ ഒരു വൈകുന്നേരം വഴിയരുകില്‍ കണ്ട ഒരു ഭ്രാന്തനെ സ്കൂട്ടിക്ക് പിന്നില്‍ കയറ്റി നീ ഓടിച്ചുപോയതും ഈ വഴിയിലൂടെയാണ്. അന്നുപിണങ്ങിയ ഞാന്‍ മൂന്നുനാളാണ് നിന്നോട് മിണ്ടാതിരുന്നത്. വൈകുന്നേരത്തെ ക്ലാസ് കഴിഞ്ഞ് ഞാന്‍ ഇറങ്ങിവരുന്നതും കാത്ത് നീ നില്‍ക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതെ പോകാന്‍ തുനിഞ്ഞതാണ്. ‘ഇനിയും മിണ്ടിയില്ലെങ്കില്‍... അടുത്തുവരുന്ന ബസിനുമുന്നിലേക്ക് ഞാന്‍ ചാടും’ എന്ന നിന്‍റെ വാക്കുകള്‍ അത് നീ ചെയ്യും എന്ന് എന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു. നിറഞ്ഞ കണ്ണുകളുമായി എന്‍റെ തോളില്‍ തലചായ്ച്ച് എന്‍റെ ബൈക്കിന് പിന്നിലിരുന്ന് അന്ന് നീ നഗരം മുഴുവന്‍ കറങ്ങി. ഓര്‍ക്കുന്നുവോ?
 
ഒടുവില്‍ നമ്മള്‍ തമ്മില്‍ കണ്ടത് ആയുര്‍വേദ കോളജിന്‍റെ ഗേറ്റിനുമുന്നിലാണ്. നീ യാത്രയൊന്നും പറഞ്ഞില്ല. പക്ഷേ, എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് എന്‍റെ മനസ് പറഞ്ഞിരുന്നു. ഇനിയൊരിക്കലും തമ്മില്‍ കാണില്ലെന്ന ഒരു തോന്നല്‍ ഉള്ളില്‍ വന്നുനിറഞ്ഞിരുന്നു. നീ യാത്രപറഞ്ഞ് ഒരു ബസില്‍ കയറിപ്പോകുമ്പോള്‍ പതിവുപോലെ ഞാന്‍ പിന്നാലെ വന്ന് ഓടിക്കയറിയില്ല. അങ്ങനെ ഞാന്‍ വന്നിരുന്നെങ്കില്‍ ഇന്നും നമ്മള്‍ ഒരുമിച്ചുണ്ടാകുമായിരുന്നോ? അറിയില്ല.
 
ഈ നഗരത്തില്‍ ഇനിയൊരിക്കലും നീ വരില്ലെന്ന് മാത്രമറിയാം. അതിന് കാരണം ഞാന്‍ മാത്രമാണെന്നും. എന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന ഒന്നും അവശേഷിക്കാന്‍ നീ ആഗ്രഹിക്കില്ലല്ലോ. തിരുവനന്തപുരം നിനക്ക് അന്യമായിരിക്കുന്നു. പക്ഷേ എനിക്ക് അത് കഴിയുന്നില്ല. നിന്‍റെ ഓര്‍മ്മകളിലാണ് ഞാന്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷവും. ഇനിയുമൊരു പത്തുവര്‍ഷം കൂടി കഴിഞ്ഞാലും ഞാന്‍ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. ഈ നഗരത്തിന്‍റെ ആത്മാവുപോലെ, ഞാനും മാറുന്നില്ല. 
 
ട്രെയിനില്‍ വന്നിറങ്ങി. ഒടുവില്‍ ബസില്‍ തിരിച്ചുപോകാനാണ് തീരുമാനം. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പുതുക്കിയിരിക്കുന്നു. വലിയ ഷോപ്പിംഗ് കേന്ദ്രവും പാര്‍ക്കിംഗ് ഏരിയയുമൊക്കെയുണ്ട്. പഴയ തമ്പാനൂരിന്‍റെ സൌന്ദര്യം നഷ്ടമായിരിക്കുന്നു. പെരുമഴയത്ത് അരയ്ക്കൊപ്പം വെള്ളത്തില്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നമ്മള്‍ കഥ പറഞ്ഞുനിന്നത് ഓര്‍ക്കുന്നുണ്ടോ? അങ്ങനെ കഥ പറഞ്ഞ് പുതിയ തമ്പാനൂരിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കാന്‍ അന്നത്തെ നമുക്കുപോലും തോന്നില്ല. എത്രപ്രണയം ഉള്ളിലുണ്ടായാലും.
 
നീന.... ഞാന്‍ മടങ്ങുകയാണ്. ഞാന്‍ ഇവിടെ വന്നുവെന്നും നിന്നെയോര്‍ത്ത് നടന്നുവെന്നും ഒരിക്കലും നീയറിയുകയില്ല. എന്‍റെ ഉള്ളിലെ മുറിവുകള്‍ നീയറിയുന്നില്ലല്ലോ. അതിലും വലുതല്ല എന്‍റെ ഇത്തരം ഭ്രാന്തുകള്‍.

വെബ്ദുനിയ വായിക്കുക