വിശ്വസിച്ചാലും ഇല്ലെങ്കിലും, കേരളത്തിലുമുണ്ട് ആത്മാക്കള്‍ വിഹരിക്കുന്ന ഇടങ്ങള്‍ !

വ്യാഴം, 14 ജൂലൈ 2016 (22:01 IST)
പാലപ്പൂവിന്റെ മണമുള്ള രാത്രിയില്‍ രക്തദാഹിയായി എത്തുന്ന യക്ഷിക്കഥകള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടായില്ല. കഥകള്‍ കേട്ട് പേടിച്ചിട്ടുണ്ടെങ്കിലും പ്രേതങ്ങളും ഭൂതങ്ങളും ഉണ്ടെന്ന് പലരും വിശ്വസിക്കാറില്ല. എന്നാല്‍ വിജനമായ പ്രദേശത്തുകൂടി രാത്രിയില്‍ തനിച്ച് യാത്രചെയ്യുമ്പോള്‍ ഒരു ഇലയനക്കം പോലും പ്രേതമാണെന്ന് കരുതി എത്രവലിയ ധൈര്യവാനും നിലവിളിക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യാറുണ്ട്. ഇരുട്ടി വെളുത്താല്‍ ആ ഭയം പിന്നെ ചിരിയിലേക്ക് വഴിമാറുകയും ചെയ്യും. എന്നാല്‍ രാത്രി തനിച്ച് യാത്രചെയ്യാന്‍ പാടില്ലാത്ത പല സ്ഥലങ്ങളും കേരളത്തിലും ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിച്ചേ മതിയാകൂ. 
 
ഹോണ്ടഡ് ബംഗ്ലാവ്, ബോണക്കാട് 
 
തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് ബോണക്കാട്. അഗസ്ത്യ മലനിരകളുടെ കാഴ്ചയും പ്ലാന്റെഷന്‍ മേഖലകളുടെ പച്ചപ്പുമെല്ലാം ബോണക്കാടെന്ന ഗ്രാമത്തെ കൂടുതല്‍ മനോഹരമാക്കുന്നതാണ്. എന്നാല്‍ ബോണക്കാടുള്ള ഹോണ്ടഡ് ബംഗ്ലാവ് അത്യ മനോഹരമായ അനുഭവങ്ങളല്ല അവിടെയുള്ളവര്‍ക്ക് സമ്മാനിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ചതെന്ന് വിശ്വസിക്കുന്ന ബംഗ്ലാവ് ജിബി 25 എന്നപേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്നാണ് ബോണക്കാട്ടെ ബംഗ്ലാവെങ്കിലും വിജനമായ രാത്രികളില്‍ അത് അമാനുഷിക ശക്തികളുടെ വിഹാരകേന്ദ്രമാണത്രെ. എല്ലാ രാത്രികളിലും ഒരു കുഞ്ഞിന്റെ ആത്മാവ് ബംഗ്ലാവിന്റെ വാതില്‍ക്കല്‍ നിലയുറപ്പിക്കുമെന്നും തനിയെ എത്തിപ്പെട്ടാല്‍ ജീവന്‍ തന്നെ അപഹരിച്ചുകളയുമെന്നും പ്രദേശവാസികള്‍ പറയുന്നു. 
 
കാര്യവട്ടം
 
തിരുവനന്തപുരം ജില്ലയില്‍ കേരള യൂണിവേഴ്‌സിറ്റി കൂടി ഉള്‍പ്പെടുന്ന സ്ഥലമാണ് കാര്യവട്ടം. ടെക്‌നോപാര്‍ക്കിന്റെ പിറകിലുള്ള ക്യാരവട്ടം ക്യാംപസ് റോഡ് ദുഷ്ട ശക്തികളുടെ വിഹാരകേന്ദ്രമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്ത് അദൃശ്യശക്തികളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്ന്  ഈ റോഡിലൂടെ രാത്രി യാത്ര ചെയ്തവര്‍ പറയുന്നു. കാര്യവട്ടം ക്യാപസിലുള്ള ഹൈമവതി തടാകത്തിലും അതിനു ചുറ്റുമുള്ള പ്രദേശത്തും അദൃശ്യശക്തിയുടെ സാന്നിദ്ധ്യം പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ആള്‍താമസം കുറഞ്ഞ ഈ മേഖലയില്‍ രാത്രി തനിയെ ഒരിക്കലും പോകരുതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 
 
തൃശ്ശൂരിലെ കാടുകള്‍
 
തൃശ്ശൂരിലെ മനോഹരമായ കാടുകള്‍ പ്രകൃതി സ്‌നേഹികളെ മാടി വിളിക്കും. പച്ചപ്പ് നിറഞ്ഞ കാടുകള്‍ സാഹസികത ഇഷ്ടപെടുന്നവര്‍ക്കും സംതൃപ്തി നല്‍കും. എന്നാല്‍ തനിച്ചാണെങ്കില്‍ തൃശ്ശൂരിലെ കാടുകള്‍ അതിസാഹസികമാകുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. സൂര്യനസ്തമിച്ച് ഇരുട്ട് വീണു കഴിഞ്ഞാല്‍ കാടിനുള്ളില്‍ നിന്നും ഒരു കുഞ്ഞിന്റെ ശബ്ദം ഉയരുമെന്നും പലരും ഈ കുഞ്ഞ് പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക