കോന്നി ആനക്കൂടിനെ ചിലര്‍ ആനകളുടെ ജയിലായിട്ടായിരിക്കും കാണുന്നത്. എന്നാല്‍, കേട്ടറിഞ്ഞ് അവിടെ ചെന്നുചേരുന്ന ആനക്കമ്പക്കാര്‍ മനസ്സ് നിറഞ്ഞേ തിരികെപ്പോകൂ. ഇവിടുത്തെ അന്തേവാസികള്‍ എപ്പോഴും സുഖ ചികിത്സയിലാണ്! ആഹ്ലാദത്തോടെ കഴിയുന്ന ഗജവീരന്മാരെ കാണുന്നതിലും കൂടുതലായി ആനപ്രേമികള്‍ക്ക് എന്താണ് വേണ്ടത്?
ക്രൂര പീഡനത്തിന് ഇരയായ ഏവൂര്‍ കണ്ണന് എന്ന മെരുങ്ങാത്ത കൊമ്പനെ ദേവസം ബോര്‍ഡ് അധികൃതര്‍ തിരികെ കൊണ്ടു പോയപ്പോള്‍ കോന്നി ആനക്കൂടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എത്ര പിശക് കൊമ്പനെയും മൂന്ന് മാസം കൊണ്ട് ചട്ടം പഠിപ്പിക്കുന്ന ആനക്കൂട്ടില്‍ കയറ്റി ആറ് മാസം ചൊല്ലിക്കൊടുത്തിട്ടും കണ്ണന് ഒന്നും പഠിച്ചില്ല. എന്നാല്‍, ഇവിടുത്തെ ശിക്ഷകര്‍ ഒരിക്കലും സംയമനം വെടിഞ്ഞില്ല, ഇതാണ് ആനപ്രേമികള്‍ക്ക് ആശ്വാസമാവുന്നതും.
ദേവസ്വം അധികൃതര്‍ കണ്ണന് പകരം ഇവിടുത്തെ സുരേന്ദ്രനെന്ന സുന്ദരനെ കടത്തിക്കൊണ്ടു പോകാന്‍ വരുന്നു എന്ന വാര്‍ത്ത പരന്നതോടെ കോന്നിയിലെ ആനക്കമ്പക്കാരെല്ലാം താവളത്തിന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഉദ്ദേശം എന്തായിരുന്നാലും ദേവസ്വം ബോര്‍ഡ് അയച്ച സംഘം സുഖ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് കണ്ണനെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. അനുസരണ കാട്ടാതെ നിന്ന കണ്ണനെതിരെ വന്ന സംഘം മൃഗീയത കാട്ടാന്‍ തുടങ്ങിയപ്പോഴേ നാട്ടുകാര്‍ എതിര്‍ത്തു. “ആനയേതായാലും ഉപദ്രവം പാടില്ല“ എന്നാണ് കോന്നിക്കാരുടെ മുന്നറിയിപ്പ്.
കണ്ണന് വന്നതു പോയതും അവിടെ നില്ക്കട്ടെ. സഞ്ചാരികളെ വരവേല്‍ക്കാനായി അഞ്ച് അന്തേവാസികളാണ് കോന്നി ആനത്താവളത്തില്‍ ഉള്ളത്. ഈ ആനത്തറവാട്ടില്‍ കുസൃതിക്കുട്ടന്മാരോ കുസൃതിക്കുട്ടികളോ ഉണ്ടോ എന്നാവും സഞ്ചാരികള്‍ ആദ്യം തിരക്കുക. ഉണ്ടല്ലോ. ഈവ നിങ്ങളെ കാത്തിരിക്കുന്നു, ചെറിയ ശരീരമാകെ കുസൃതി ഒളിപ്പിച്ചു വച്ചുകൊണ്ട്!
ഈവ കോന്നിക്കാരിയല്ല, അങ്ങ് കോടനാട് ആനത്താവളത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കോന്നിയിലെത്തിയതാണ് ഈ ഒമ്പത് വയസ്സുകാരി. വയസ്സ് റിക്കോര്ഡിലേ ഉള്ളൂ, കൈയ്യിലിരുപ്പ് നാല് വയസ്സുകാരിയുടേതാണ്. അതറിയണമെങ്കില്‍ രാവിലെ ആനത്തറവാട്ടിലെ അംഗങ്ങളെല്ലാം നീരാടുന്ന അച്ചന്‍കോവിലാറിലെ കടവില്‍ എത്തണം. വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ ഈവയെ നോക്കാന്‍ പന്ത്രണ്ട് പാപ്പാന്മാര് വേണം ! അല്ലെങ്കില്‍ ഒരിക്കല്‍ നടന്നതു പോലെ ആറ് നീന്തി അക്കരെ കാട്ടില്‍ കയറും. പിന്നെ ചെവിക്ക് പിടിച്ച് കിഴുക്കി തിരികെ കൊണ്ടുവരേണ്ടി വരും.
ആനത്താവളത്തിന്റെ യുവ ആകര്‍ഷണം ആരെന്നറിയേണ്ടേ? സുരേന്ദ്രന് എന്ന 12 വയസ്സുകാരനാണ് ഇത്. ലക്ഷണം
WD
WD
കണ്ടാല്‍ ഉത്തമം. കൊമ്പിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ കുസൃതിയുടെ ചിത്രം വെളിവാകും. ഇദ്ദേഹത്തിന്റെ വലത്തേ കൊമ്പ് തറയിലിട്ടുരസി തേഞ്ഞ് ഒരു പരുവമായിരിക്കുകയാണ്. ഇദ്ദേഹത്തിനെ തട്ടിക്കൊണ്ടു പോവാന്‍ ദേവസ്വം ബോര്‍ഡുകാര്‍ വരുന്നു എന്ന വാര്‍ത്തയാണ് നാടിളക്കിയത്. സഞ്ചാരികളോട് അല്‍പ്പം സൌഹൃദം കാണിക്കാനും അത്യാവശ്യമെങ്കില്‍ തുമ്പിക്കൈ പൊക്കി ഒന്നു “വിഷ്” ചെയ്യാനും ഇദ്ദേത്തിന് യാതൊരു മടിയുമില്ല.
സുരേന്ദ്രന് കോന്നി സ്വദേശിയാണ്, രാജാമ്പാറയില്‍ നിന്നാണ് ഇവനെ വനം വകുപ്പ് അധികൃതര്‍ ഏറ്റെടുത്തത്. മരിച്ചു കിടന്ന അമ്മയുടെ മുല കുടിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരന് ഒരുപക്ഷേ ആ കഥയൊക്കെ മറന്നു കാണും. ഇവിടമിപ്പോള്‍ അവന്റെ സ്വന്തം വീടായി മാറിക്കഴിഞ്ഞല്ലോ!
അടുത്ത പേജില്‍ വായിക്കുക, ‘താപ്പാനയായ സോമനിപ്പോള്‍ 67 വയസ്’
പിന്നെ മീന, മീനയെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടി വരില്ല. പ്രായിക്കര പാപ്പാന് എന്ന സിനിമയില്‍ അഭിനയിച്ച് നേരിട്ട് കാണാത്തവരെ കൂടി പാട്ടിലാക്കിയ കക്ഷിയാണിത്. മണ്ണാറപ്പാറയിലെ പഴയ വാരിക്കുഴിയില്‍ വീണ “മീനക്കുട്ടി” ആറ് മാസം പ്രായമുള്ളപ്പോഴാണ് ആനത്താവളത്തില്‍ എത്തിയത്. ഇപ്പോള്‍ 19 തികഞ്ഞ് യൌവനത്തില്‍ എത്തിയെങ്കിലും മീനയ്ക്ക് സന്ദര്‍ശകരോട് എപ്പോഴും ഒരു മമതയുണ്ട്.
ഇനിയുള്ളത് പ്രിയദര്‍ശിനി. ആനത്താവളത്തില്‍ എത്തിയാല്‍ പോര ആനപ്പുറത്തും കയറണമെന്നുള്ള വാശി തീര്‍ത്തു തരുന്ന പ്രൌഡയാണ് ഇത്. നൂറ് മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ആനസവാരി ആഗ്രഹിക്കുന്നവര്‍ക്ക് 26 കാരിയായ പ്രിയദര്‍ശിനിയുടെ പുറത്തേറാം, ധൈര്യമായി.
ഇനി പഴയകാലത്തെ താരം സോമനെ പരിചയപ്പെടാം. സോമന് പ്രായംകൊണ്ട് ആനത്തറവാട്ടിലെ കാരണവരാണെന്ന്
WD
WD
മാത്രമേ “പഴയ കാലം” കൊണ്ട് അര്‍ത്ഥമാക്കേണ്ടതുള്ളൂ. ഇപ്പോഴും പ്രൌഡ ഗംഭീരനായാണ് ഈ 67 കാരന്റെ നില്‍പ്പ്. ഇപ്പോള്‍ ആനക്കൂട്ടിലുള്ള ഏക താപ്പാനയാണ് സോമന്. പണ്ട് വക്ക പിടിച്ചതിന്റെയും തഴമ്പ് ഇപ്പോഴും സോമന്റെ ശരീരത്ത് കാണാം. കഷ്ടപ്പാടുകള്‍ എല്ലാം മറന്ന് വിശ്രമ ജീവിതത്തിലാണ് സോമനിപ്പോള്‍.
ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ കഴിയുന്നത്
ആനത്താവളത്തിലെ അന്തേവാസികള്‍ രാവിലെ എട്ട് മണിയോടെ വരിയായി കിടപ്പാടം വിട്ടിറങ്ങും, ഒന്നു കുളിച്ച് ‘ഫ്രഷ്’ ആവാനാണ് ഈപോക്കെന്ന് പ്രദേശവാസികള്‍ക്കെല്ലാം അറിയാം. വിശാലമായ ഒരു കുളി പാസാക്കി കഴിഞ്ഞാല്‍ പിന്നെ മടക്കം. മടങ്ങിയെത്തുമ്പോഴേക്കും “ബ്രേക്ക് ഫാസ്റ്റ്” റഡി. പ്രഭാത ഭക്ഷണം ചോറാണ്. ചോറെന്ന് വച്ചാല്‍; ഗോതമ്പ്, പഞ്ഞിപ്പുല്ല്, മുതിര, കരിപ്പട്ടി, ഉപ്പ് എന്നിവ ചേര്‍ത്തൊരു ഗോതമ്പ് ചോറ്! എല്ലാ മലയാളമാസവും ഒന്നാം തീയതി ഗോതമ്പിനു പകരം പച്ചരി ചോറാവും പ്രാതലിനു വിളമ്പുക.
പിന്നെ പനമ്പട്ടയും ഓലയും ഉച്ചഭക്ഷണമായി ഇടനേരമെല്ലാം കഴിക്കും. വൈകിട്ട് മൂന്ന് മണിയാവുമ്പോഴേക്കും ഹോസിലൂടെ വെള്ളമൊഴിച്ച് എല്ലാവരെയും തണുപ്പിക്കല്‍. തണുപ്പിച്ച ശേഷം വീണ്ടും ചോറുണ്ണാം. ഇതിനിടെ വരുന്ന സന്ദര്‍ശകരോടൊത്ത് കുശലം പറച്ചിലും കുസൃതി കാട്ടലും. കുറുമ്പ് കാണിക്കുന്നവര്‍ പാപ്പാന്റെ സ്വരം മാറുമ്പോഴേ കളം മാറ്റിചവിട്ടി പഴയ ആളാവും! എന്തിനാ വെറുതെ ആ ആനവടി എടുപ്പിക്കുന്നത്?
എത്തിച്ചേരാന്‍
ട്രക്കിംഗിനും ആനസവാരിക്കും സൌകര്യമുള്ള കോന്നി ആനത്താവളത്തില്‍ എത്തിച്ചേരാന്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് പത്ത് കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ മതി.