സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി വരുന്നു

വ്യാഴം, 18 മെയ് 2017 (19:00 IST)
ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.
 
തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പിന്‍റെ പൂര്‍ണരൂപം ഇതാ:
 
പുതുതായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനക്കുവേണ്ടി ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവര്‍ ഇന്ന് വന്നു കണ്ടിരുന്നു.
 
ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു അഭിനേത്രിക്കുണ്ടായ അനുഭവം ഇതിനു ഉദാഹരണമാണ്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
 
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വരനടപടികളില്‍ അവര്‍ മതിപ്പ് പ്രകടിപ്പിച്ചു. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കുന്നതിനുളള സംവിധനമുണ്ടാകണം. ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വചരിത്രം പരിശോധിക്കുന്നതിന് പൊലീസിന്റെ സഹായം ലഭ്യമാക്കും.
 
അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തടയാന്‍ നടപടിയെടുക്കും.

വെബ്ദുനിയ വായിക്കുക