സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ മെഡിസെപ് പദ്ധതി നിര്‍ത്തലാക്കാന്‍ ആലോചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമിടയില്‍ അതൃപ്തി രൂക്ഷമായതോടെയാണ് മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പകരം റീ-ഇംബേഴ്‌സ്‌മെന്റ് പദ്ധതി പുനസ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചത്.
മെഡിസെപ് പുതുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ധനവകുപ്പ് ആരംഭിക്കാത്തത് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായെന്നാണ് വിലയിരുത്തല്‍. 2022 ജൂലായ് ഒന്നിന് ആരംഭിച്ച മെഡിസെപ്പില്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷയുണ്ട്. എന്നാല്‍, ചില ആശുപത്രികളില്‍ മെഡിസെപ് ആനുകൂല്യം ലഭ്യമല്ല. ഉള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യമില്ല, ക്ലെയിം പൂര്‍ണമായി ലഭിക്കുന്നില്ല തുടങ്ങിയ പരാതികള്‍ ഗുണഭോക്താക്കളുടെ ഭാഗത്തുനിന്നും നിരന്തരം ഉയരുന്നുണ്ട്.
ആശുപത്രികള്‍ ബില്‍തുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആദ്യവര്‍ഷം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും അതിനെക്കാള്‍ നൂറുകോടിയിലേറെ അധികതുക ക്ലെയിം നല്‍കേണ്ടിവന്നത് ഇന്‍ഷുറന്‍സ് കമ്പനിക്കും പദ്ധതിയോടുള്ള താത്പര്യം കുറയാന്‍ കാരണമായിട്ടുണ്ട്.