ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം; പ്രതികരണങ്ങളുമായി നേതാക്കള്‍

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:20 IST)
ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്നാണ് സംശയം. ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ഓഫീസിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്.
 
ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് ടിവി പ്രസാദാണ്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സംഭവം വളരെ ദൗര്‍ഭാഗ്യകരമാണന്നും ഇത് ചെയ്ത വ്യക്തികളെ തങ്ങള്‍ കണ്ടെത്തുമെന്നും ഡി ജി പി ലോകനാഥ് ബെഹ്‌റ പ്രതികരിച്ചു.
 
സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ആക്രമണം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ദൃശ്യമാധ്യമങ്ങളുടെ വായടപ്പിച്ച് കൊണ്ട് ജനാധിപത്യം കൊണ്ടുവരാന് കഴിയില്ലെന്നും ഈ ആക്രമണം അംഗീകരിക്കാന്‍ ആകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക