ആളുകളുടെ മുടിവെട്ടിക്കേണ്ടത് പൊലീസിന്റെ പണിയല്ല: ലോക്നാഥ് ബെഹ്റ

ശനി, 29 ജൂലൈ 2017 (15:57 IST)
പൊലീസ് സേനയ്ക്ക് നേരെ വിമര്‍ശനവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. മുടി നീട്ടി വളർത്തിയ ആളുകളെ കണ്ടാൽ അവരെ പിടിച്ചുനിർത്തി മുടിവെട്ടാൻ പൊലീസ് പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുടി വളർത്തുന്നത് ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യമാണെന്നും കോഴിക്കോട്ട് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 
 
തൃശൂർ പാവറട്ടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച വിനായകനെന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമര്‍ശനമാണ് പൊലീസിന് ഏറ്റുവാങ്ങേണ്ടി വന്നത്. തുടര്‍ന്നാണ് ഡിജിപി തന്റെ നിലപാടു വ്യക്തമാക്കിയത്. കസ്റ്റ‍ഡിയിലെടുത്ത വിനായകനോടു മുടി മുറിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിനായകൻ മുടി മുറിക്കുകയും ഇതിനുപിന്നാലെ വിനായകനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക