സിക്ക വൈറസിന് കാരണം പകല്‍ കടിക്കുന്ന കൊതുക്; വേണം ജാഗ്രത

വെള്ളി, 9 ജൂലൈ 2021 (08:06 IST)
കോവിഡ് ഭീതിക്ക് പുറമേ കേരളത്തില്‍ സിക്ക വൈറസും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പ്രധാനമായും ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
 
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍