ഭിത്തിയില്‍ ചാരിയിരുന്ന് മുലയൂട്ടി; ശക്തമായ മിന്നലില്‍ യുവതിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു

ബുധന്‍, 25 ഒക്‌ടോബര്‍ 2023 (08:45 IST)
തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേള്‍വിയാണ് നഷ്ടപ്പെട്ടത്. ആറ് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് മുലയൂട്ടുകയായിരുന്നു ഐശ്വര്യ. ഈ സമയത്ത് ശക്തമായ മിന്നല്‍ ഉണ്ടായി. മിന്നലേറ്റതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും തെറിച്ചു വീണു. 
 
ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരുക്കില്ല. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു. 
 
ശക്തമായ ഇടിമിന്നല്‍ ഉള്ള സമയത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുതെന്ന് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കുന്ന മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍