അയാളുടെ ഉറപ്പ് ഹരികുമാർ അത്രയധികം വിശ്വസിച്ചിരുന്നു, പക്ഷേ...

വ്യാഴം, 15 നവം‌ബര്‍ 2018 (11:53 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഡിവൈ‌എസ്‌പി ഹരികുമാറിന്റെ ആത്മഹത്യ ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. കീഴടങ്ങാൻ തയ്യാറായി നിന്ന ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സംഘർഷമാണെന്ന് കൂട്ടുപ്രതി ബിനു മൊഴി നൽകി.
 
പ്രതി ഹരികുമാറിന്റെ ആത്മഹത്യയ്‌ക്ക് ശേഷം സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ഇന്നലെയായിരുന്നു പൊലീസിന് കീഴടങ്ങിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് ശേഷം ഹരികുമാർ ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. വീട്ടിൽ നിന്ന് വസ്‌ത്രങ്ങൾ എല്ലാം എടുത്തതിന് ശേഷം കർണ്ണാടകത്തിലെ ധർമ്മസ്ഥലത്തേക്ക് പോകുകയായിരുന്നു. 
 
ഒളിവിൽ പോകുന്നതിന് മുമ്പ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് അഭിഭാഷകൻ ഹരികുമാറിന് നൽകിയ ഉറപ്പ്. ആ ഉറപ്പിന്മേലാണ് ഹരികുമാർ തിരികെ വീട്ടിലെത്തിയത്. എന്നാൽ, തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനെ കുറിച്ചറിയുന്നത്.
 
മനഃപൂർവ്വമായ നരഹത്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തനിക്ക് ഇനി ജാമ്യം കിട്ടില്ല എന്ന തോന്നലിലാണ് ഹരികുമാർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍