വി വി ദക്ഷിണാമൂർത്തി അന്തരിച്ചു

ബുധന്‍, 31 ഓഗസ്റ്റ് 2016 (16:00 IST)
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ദക്ഷിണാമൂർത്തി (82) അന്തരിച്ചു. 
അർബുദബാധിതനായ അദ്ദേഹം കോഴിക്കോട് ചികിത്സയിലിരിക്കവെയാണ് അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായി ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനുമായിരുന്ന മൂര്‍ത്തിമാഷ് സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു. 
 
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തുകയായിരുന്നു അദ്ദേഹം. ഐക്യ മലബാർ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പഠനത്തിനു ശേഷം അദ്ധ്യാപകനായി. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. അധ്യാപകനായിരിക്കെ മൂന്നാം കേരള നിയമ സഭയിലേക്ക് പേരാമ്പ്രയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1967, 1980 എന്നീ വർഷങ്ങളിലും പേരാമ്പ്രയിൽ നിന്നും നിയമസഭയിലെത്തി.
 
മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു.
 

വെബ്ദുനിയ വായിക്കുക