'ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്': സംവരണ ബില്ലില്‍ കോൺഗ്രസ്സിനടക്കം വിമര്‍ശനവുമായി വി ടി ബല്‍റാം

ബുധന്‍, 9 ജനുവരി 2019 (12:58 IST)
കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയിൽ മുന്നോക്ക സമുദായക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കാനുളള ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്‌സഭ പാസ്സാക്കിയത്. 323 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തപ്പോള്‍ മൂന്ന് പേര്‍ ഇത് എതിർത്ത് രംഗത്തുവന്നു.
 
ഇപ്പോൾ സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചതിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ തൃത്താല എംഎല്‍എ വി ടി ബൽറാം രംഗത്തുവന്നിരിക്കുകയാണ്. സിപിഎമ്മിനെ പേരെടുത്ത് പറയാതെ കുറ്റപ്പെടുന്ന പോസ്റ്റ് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്കും വിരൽ ചൂണ്ടുന്നു.
 
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
'ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. 
 
ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്ബോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദം!! 
 
ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു'.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍