പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന്‍ വി.എ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസ്. കയര്‍ ഫെഡ് എം.ഡിയായിരിക്കെ 47 ലക്ഷത്തിന്‍െറ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. പ്രത്യേക അന്വേഷണസംഘം എസ്.പി എസ്. ശശിധരന്‍ ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍കിടെക്റ്റ് ആര്‍.കെ രമേശ്, കോണ്‍ഗ്രാക്ടര്‍ മുഹമ്മദലി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
കയര്‍ഫെഡിനു വേണ്ടി ചേര്‍ത്തലയില്‍ ഗോഡൗണ്‍ നിര്‍മിച്ച വകയില്‍ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം വിജിന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രമക്കേട് ചൂണ്ടിക്കാട്ടി മോഹൻദാസ് എന്നയാളാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
ഐ.എച്ച്.ആര്‍.ഡിയില്‍ അരുണ്‍കുമാറിനെ നിയമിച്ചത്, അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്, ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത് എന്നിവയുള്‍പ്പെടെ അരുണ്‍കുമാറിനെതിരെ നേരത്തെ വിജിലന്‍സ് രണ്ട് അന്വേഷണം നടത്തിയിരുന്നു. വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്നം പണം കൈപ്പറ്റിയെന്ന കേസിലും വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. എന്നാല്‍ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.