ആരും സംസാരിച്ചില്ല; ഒരു നിമിഷം വിഎസിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു

വെള്ളി, 20 ഫെബ്രുവരി 2015 (14:40 IST)
ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പുന്നപ്ര വയലാറിന്റെ മണ്ണിൽ പാർട്ടി സംസ്ഥാന സമ്മേളനമെത്തുന്നത്. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന 1988ലായിരുന്നു ഒടുവിൽ ആലപ്പുഴയിൽ സമ്മേളനം നടന്നത്. ഇന്ന് വിഎസ് പാര്‍ട്ടി സെക്രട്ടറിയുടെ കുപ്പായം ഊരിവെച്ച് പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് ഇരിക്കുബോള്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്.

വിട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരനായ ഉരുക്കു മനുഷ്യനായി അന്ന് പാർട്ടിയെ നയിച്ചിരുന്ന അച്യുതാനന്ദൻ ഇന്ന് നിസാരനായിരിക്കുന്നു. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. വിഎസിനിപ്പോള്‍  പ്രതിപക്ഷനേതാവിന്റെ കുപ്പായം മാത്രം, സകലതും തീരുമാനിക്കുന്നതും പറയുന്നതും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും സംഘവും. വെട്ടിനിരത്തിയും തൂത്തുവരിയും മുന്നേറുന്ന ഓദ്യേഗികപക്ഷം പ്രത്യയശാസ്ത്ര പ്രതിസന്ധിയൊന്നും മാനിക്കാത്ത സമയത്താണ് സമ്മേളനം ആരംഭിച്ചത്.

സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴയില്‍ എത്തിയ വിഎസ് അച്യുതാനന്ദന്‍ രാവിലെ 5.30ന് നടക്കാനിറങ്ങി. തിരികെ വീട്ടിലെത്തിയ അദ്ദേഹം പതിവ് പോലെ പത്രങ്ങള്‍ മറിച്ചു നോക്കുന്നതില്‍ മടി കാണിച്ചില്ല. ചായ കുടിച്ചശേഷം 9.30ന് സമ്മേളനത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. ഈ വേളയില്‍ ഒരു കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പെടുത്തിയ ആ ധീരനായ സഖാവിന്റെ കണ്ണുകള്‍ നിറഞ്ഞു. ഒപ്പമുള്ളവര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും തള്ളിപ്പറയുന്നതിന്റെയും ഒറ്റപ്പെടുന്നതിന്റെയും വേദന മനസില്‍ നിറഞ്ഞ് തുളുമ്പിയതിന്റെയും മൂര്‍ദ്ധന്യമായിരുന്നു അത്. ഇതിന് ശേഷമാണ് സമ്മേളന നഗരിയിലേക്ക് തിരിച്ചത്.

സമ്മേളന നഗരിയിലെ വേദിയില്‍ എത്തിയ വിഎസ് അച്യുതാനന്ദന് സമീപത്ത് ആരും എത്തിയില്ല. സംസാരിക്കാനോ വിശേഷങ്ങള്‍ ചോദിച്ച് അറിയുന്നതിനോ സഖാക്കള്‍ തയാറായില്ല. കൊടിയേരി ബാലകൃഷ്ണന്‍ ഒരു വേള സംസാരിച്ചത് ഒഴിച്ചാല്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു വിഎസ്. 1940ല്‍ ജില്ലയില്‍ കര്‍ഷക യൂണിയന്‍ പടുത്തുയര്‍ത്താന്‍ വിഎസ് സഹിച്ച കഷ്‌ടപ്പാടുകള്‍ ജി സുധാകരന്‍ പറഞ്ഞതൊഴിച്ചാല്‍ സംസാരത്തിലോ പ്രസംഗത്തിലോ വിഎസ് കടന്നുവന്നില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക