ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ; പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, മതത്തിന്റെ പേരില്‍ കുതിരകേറുന്ന വര്‍ഗീയ ശക്തികളെയാണെന്ന് വി എസ്

വെള്ളി, 6 ഒക്‌ടോബര്‍ 2017 (11:46 IST)
ഹാദിയയുടെ ഇന്നത്തെ വിശ്വാസമെന്താണോ അതനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്നും അവളുടെ നാളത്തെ വിശ്വാസം അവള്‍ നാളെ സ്വീകരിക്കട്ടെയെന്നും വി.എസ് അച്യുതാനന്ദന്‍. പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്നും, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ കുതിരകേറാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെയാണെന്നും മാതൃഭൂമി പത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 
 
ഒരു വ്യക്തിയുടെ മേല്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ഘര്‍ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതാണ് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കളെ സ്വാധീനിച്ചും ഘര്‍ വാപ്പസി എന്ന പേരിട്ടും ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാറുകാര്‍ ചെയ്യുന്നതെന്നും വിഎസ് ലേഖനത്തില്‍ പറയുന്നു.   
 
ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ മാത്രം ആസ്പദമാക്കി അവര്‍ക്ക് അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്തെക്ക് വരുന്നുണ്ട്. ഇവരാണ് നമ്മുടെ മതേതര സമൂഹത്തിലേക്ക് വിഷം പടര്‍ത്തുന്നത്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് ആര്‍എസ്എസും എസ്ഡിപിഐയും. മതത്തെ അടിസ്ഥാനമാക്കിയുള്ള വിഭജനം നടന്നാല്‍ മാത്രമേ രണ്ടുവിഭാഗങ്ങള്‍ക്കും നിലനില്‍പ്പുളളൂവെന്നും ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും വി‌എസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍