പദവി കിട്ടി, ഇരിക്കാൻ സ്ഥലം മാത്രം കിട്ടിയില്ല; വിഎസിന് ഓഫീസ് അനുവദിച്ചില്ല

ശനി, 13 ഓഗസ്റ്റ് 2016 (08:19 IST)
സി പി എമിന്റെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ തീരുമാനിച്ചെങ്കിലും ഓഫീസ് അനുവദിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പുതിയ ഓഫീസ് അനുവദിക്കാത്തതിനാല്‍ വിഎസ് ഇതുവരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റെടുത്തിട്ടില്ല.
 
വി എസിന് കാബിനറ്റ് റാങ്ക് നല്കുന്നതിന് മുന്നോടിയായി നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. എം എല്‍ എ എന്ന നിലയിലിരിക്കെ കാബിനറ്റ് റാങ്കോടെ പദവി വഹിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി 1951ലെ ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്തിരുന്നു. ആദ്യം പാര്‍ട്ടി തലത്തിലും പിന്നീട് സര്‍ക്കാര്‍ തലത്തിലും തീരുമാനം കൈക്കൊണ്ടെങ്കിലും മാധ്യമവാര്‍ത്തകളില്‍ മാത്രമാണ് വിഎസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരിക്കുന്നത്. പുതിയ ഓഫീസ് ഇതുവരെ ശരിയായിട്ടില്ല.
 
അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഓഫീസ് വിഎസിന് ഇഷ്ടമായില്ലെന്നും അതിനാലാണ് ചുമതലയേറ്റെടുക്കാത്തതെന്നും സൂചനയുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സിലെ ഏതെങ്കിലും ഓഫീസ് അനുവദിക്കണമെന്ന അഭിപ്രായം വി എസിന് ഉള്ളതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അനക്‌സില്‍ പുതിയ ഓഫീസ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതുവരേയും തീരുമാനമുണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക