ശാശ്വതീകാനന്ദയുടെ മരണം: സമഗ്രമായ അന്വേഷണം വേണം- സുധീരൻ
തിങ്കള്‍, 12 ഒക്ടോബര്‍ 2015 (12:35 IST)
ശിവഗിരി മഠാധിപതി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. സ്വാമിയുടെ കുടുംബത്തിനും ജനങ്ങൾക്കും സ്വീകാര്യമായ അന്വേഷണമാണ് ആവശ്യം. പുനരന്വേഷണം സംബന്ധിച്ച നിയമവശങ്ങൾ സർക്കാർ പരിഗണിച്ചു വരികയാണ്. ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും സുധീരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുവക്കാൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകണം. ഇക്കാര്യത്തിൽ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകളുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സുധീരൻ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. സ്വാമിയുടെ മരണത്തില്‍ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തണമെന്നതു ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ നിലവിൽ ക്രൈം ബ്രാഞ്ചാണ് പരിശോധിക്കുന്നത്. സ്വാമിയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.