കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ അപാകതകൾ പരിഹരിക്കാൻ ഹോട്ടലിലേക്ക് അധ്യാപികയെ വിളിച്ച ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. സർക്കാർ എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷൻ പി.എഫ് സംസ്ഥാന നോഡൽ ഓഫീസറും കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമായ സി.ആർ.വിനോയ് ചന്ദ്രനെ (43) യാണ് നഗരത്തിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.
കണ്ണൂർ വിസ്മയ വീട്ടിലെ അംഗമാണ് പിടിയിലായ വിനോയ് ചന്ദ്രൻ. അദ്യാപികയുടെ ശമ്പളത്തിലെ പി.എഫ്. വിഹിതം അടച്ചത് കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ക്രെഡിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരുന്നില്ല. പി.എഫിൽ നിന്ന് വായ്പയെടുക്കാൻ നോക്കിയപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടത്. ജില്ലാ തലത്തിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് നോഡൽ ഓഫീസറെ സമീപിച്ചു. തുടർന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്.
എന്നാൽ തുടക്കത്തിൽ ഇയാൾ സഹകരിച്ചില്ല. തുടർന്ന് വാട്ട്സ്ആപ്പ് വഴി വിളിക്കുകയും സഭ്യമല്ലാത്ത പ്രയോഗങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിൽ കാണണമെന്നും ഹോട്ടലിൽ വരണമെന്നും ആവശ്യപ്പെട്ടു.