പത്തനംതിട്ട: ശബരിമല ദേവസ്വം മെസ്സിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വെട്ടിപ്പ് നടത്തിയ നാല് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കരാറുകാരന് നൽകാനുള്ള തുകയുടെ മൂന്നിരട്ടി വ്യാജ രേഖകൾ ചമച്ചായിരുന്നു തട്ടിപ്പ്. പത്തനംതിട്ടയിലെ ദേവസ്വം വിജിലൻസാണ് കേസെടുത്തത്.
കരാറുകാരന് നൽകാനുള്ള 30 ലക്ഷത്തിൽ 8.20 ലക്ഷം മാത്രമാണ് നൽകിയത്. തുടർന്ന് ഇയാൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. നിലയ്ക്കലിൽ എ.ഓ ആയിരുന്ന ജെ.ജയപ്രകാശ്, സന്നിധാനത്തെ മുൻ എക്സിക്യൂട്ടീവ് ഓഫീസര്മാരായിരുന്ന ഡി.സുധീഷ്കുമാർ, വി.എസ്.രാജേന്ദ്ര പ്രസാദ്, മുൻ ജൂനിയർ സൂപ്രണ്ട് എൻ.വാസുദേവൻ നമ്പൂതിരി എന്നിവരാണ് പ്രതികൾ.
ശബരിമല നിലയ്ക്കലിൽ ദേവസ്വം മെസ്സിലേക്കും അന്നദാനത്തിനുമായി കൊല്ലം സ്വദേശി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയപ്പോൾ 90 ലക്ഷത്തിന്റെ രൂപ എഴുതിയെടുത്തു എന്നാണു കേസ്. വൻ തുകയ്ക്കുള്ള വൗച്ചറുകൾ നൽകി ഒപ്പിടാൻ ആവശ്യപ്പെട്ടതോടെ കരാറുകാരന് സംശയം ഉണ്ടാവുകയും ബോർഡിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഫലമുണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനൊപ്പം മറ്റു ചില തട്ടിപ്പുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.