കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. പന്തളം മങ്ങാരം മദീനയിൽ എ.എം.ഹാരിസ് (51) ആണ് കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി മാരായ വിദ്യാധരൻ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്റെ വലയിലായത്.
ലൈസൻസ് പുതുക്കി നൽകാനായി ടയർ റീട്രെഡിംഗ് സ്ഥാപനത്തിൽ നിന്ന് കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്. പാലായിലെ പ്രവിത്താനത്തെ പി.ജെ.ട്രേഡ് ഉടമ ജോബിൻ സെബാസ്ത്യനിൽ നിന്നാണ് ഹാരീസ് കൈക്കൂലി വാങ്ങിയത്.
ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. സ്ഥാപനത്തിനെതിരെ ശബ്ദ മലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കാര്യമില്ലെന്നു മനസിലായെങ്കിലും ലൈസൻസ് പുതുക്കിയില്ല.
ലൈസൻസ് പുതുക്കി നൽകാൻ മുമ്പ് ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. എന്നാൽ ഹാരിസ് എത്തിയതോടെ ഈ തുക കാൽ ലക്ഷമായി കുറഞ്ഞു. തുടർന്നായിരുന്നു പരാതി നൽകിയതും ഹാരിസ് പിടിയിലായതും.