കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാരാണ് പണം എത്തിച്ചു നൽകുന്നത് എന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്.
ജില്ലയിലെ കക്കോടി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 10910 രൂപയും ചാത്തമംഗലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 3770 രൂപയുമാണ് കണക്കിൽ പെടാത്ത ഇനത്തിൽ പിടിച്ചെടുത്തത്. മുക്കത്ത് പിടികൂടിയ തുക ആധാരം എഴുത്തുകാരൻ കൊണ്ടുവന്നതായിരുന്നു.
വിജിലൻസ് നോർത്ത് റേഞ്ച് എസ്.പി പി.സി. സജീവന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.