വിശദമായി ചോദ്യം ചെയ്യും, തുടര്‍ന്ന് അറസ്‌റ്റ് ?; വികെ ഇബ്രാഹിം കുഞ്ഞ് കുരുക്കില്‍

മെര്‍ലിന്‍ സാമുവല്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (19:57 IST)
പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണു വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരനു മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് മതിയെന്നാണു തീരുമാനം.

മുന്‍ റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ കെഎംആര്‍എല്‍ എംഡിയുമായ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും ചോദ്യം ചെയ്യും.

അതേസമയം, ഇബ്രാഹീം കുഞ്ഞിന്‍റെ അറസ്‌റ്റിന് സാധ്യത വർധിച്ചതായാണ് റിപ്പോർട്ട്. കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റിന് നീക്കം നടക്കുന്നത്.

ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എഡിജിപി, ഐജി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമോപദേശം തേടിയതിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം തുടർനടപടി തീരുമാനിച്ചാൽ മതിയെന്നാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍