മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ത്വരിത പരിശോധന; ഉത്തരവിട്ടത് തൃശൂര്‍ വിജിലന്‍സ് കോടതി

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:48 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി എ പി അനില്‍കുമാറിനും എതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍  ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
 
ഉമ്മന്‍ ചാണ്ടിയും അനില്‍ കുമാറുമടക്കം ആറു പേര്‍ക്കെതിരെയാണ് ത്വരിതപരിശോധന. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. സെപ്തംബര്‍ 19നകം പ്രാഥമിക റിപ്പോര്‍ട്ട് നല്കണമെന്നാണ് കോടതി ഉത്തരവ്.
 
കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്താണ് ഈ നിയമനങ്ങളൊക്കെ നടന്നത്. താത്കാലിക നിയമനങ്ങളും സ്ഥിര നിയമനങ്ങളും അടക്കം നൂറിലധികം നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു എന്നാണ് പരാതി. നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നതാണെന്നും ഈ റിപ്പോര്‍ട്ട് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക