വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ ഹൈക്കോടതി; തെളിവുകള്‍ പരിശോധിച്ചില്ല

തിങ്കള്‍, 9 നവം‌ബര്‍ 2015 (13:27 IST)
ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോളിനെതിരെ ഹൈക്കോടതി. നടപടി ക്രമങ്ങളില്‍ ഡയറക്‌ടര്‍ക്ക് പിഴവ് പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് വിളിച്ച് തേടിയ നടപടി തെറ്റാണെന്നും കോടതി പറഞ്ഞു.
 
വിജിലന്‍സ് ഡയറക്‌ടര്‍ക്ക് വലിയ അധികാരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അത് ആ രീതിയിലല്ല ഡയറക്‌ടര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ രൂക്ഷമായ പരമാര്‍ശങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിധിപ്രസ്താവം നടത്തവെയാണ് വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.
 
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ നിലപാട് കോടതി  തള്ളി. വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ല. വസ്തുത റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിജിലന്‍സ് ഡയറക്‌ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
 
വിജിലന്‍സ് ഡയറക്‌ടര്‍ തെളിവുകള്‍ പരിശോധിച്ചില്ല. ഡയറക്‌ടര്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ അഭിപ്രായം അടിച്ചേല്‍പ്പിച്ചുവെന്ന് കോടതി പറഞ്ഞു. ഡയറക്‌ടര്‍ സുപ്രീംകോടതി അഭിഭാഷകരുടെ അഭിപ്രായം മാത്രമാണ് മാനിച്ചെതെന്നും കോടതി നിരീക്ഷിച്ചു.
 
വിധിപ്രസ്താവം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക