ഉഷയെ മോഡി വിളിച്ചു ഗുജറാത്തിലേക്ക്...

തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (11:40 IST)
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റുകളില്‍ ഒരാളായ ഒളിമ്പ്യന്‍ പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലേക്ക് ക്ഷണിച്ചു. ഇന്ത്യന്‍ കായികരംഗത്ത്‌ ഗുജറാത്തിന്റെ പേര്‌ എഴുതിചേര്‍ക്കാന്‍ കേരളത്തില്‍ സ്‌ഥാപിച്ചിരിക്കുന്ന ഉഷാ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ് അക്കാദമിയുടെ അതേ മാതൃകയിലുള്ള പരിശീലനപദ്ധതികള്‍ തന്നെ ഇവിടെയും നടപ്പാക്കാനാണ്‌ തീരുമാനം. അടുത്തമാസം ഉഷ ഗുജറാത്തിലേക്ക്‌ പോകും.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ്‌ ഉഷ ഗുജറാത്തില്‍ എത്തുന്നത്‌. മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ക്ഷണം. അലഹബാദിലെയും വഡോദരയിലെയും അടിസ്‌ഥാന സൗകാര്യങ്ങള്‍ തൃപ്‌തിപ്പെട്ട ഉഷ നവംബര്‍ 9 നും 15 നും ഇടയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ്‌ നടത്തി താരങ്ങളെ കണ്ടെത്തുമെന്ന്‌ വ്യക്‌തമാക്കി. 
 
10 സീനിയര്‍ താരങ്ങള്‍ക്കൊപ്പം 11 നും 14 നും ഇടയില്‍ പ്രായക്കാരായ 30 പേരെ തെരഞ്ഞെടുക്കുകയാണ്‌ ആദ്യ നടപടി. ഗുജറാത്തില്‍ നിന്നും മികച്ച അത്‌ലറ്റുകളെ രാജ്യത്തിന്‌ സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഉഷയെ മോഡി പ്രധാനമന്ത്രിയാകുന്നതിന്‌ മുമ്പേ തന്നെ വിളിച്ചിരുന്നെങ്കിലും അന്ന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ തിരക്കിലായിരുന്നതിനാല്‍ പോകാന്‍ കഴിഞ്ഞില്ലെന്ന്‌ ഉഷ പറയുന്നു.
 
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ ഉഷ 1986 എഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 1984 ല്‍ നടന്ന ലോസ്‌ ഏഞ്ചല്‍സ്‌ ഒളിമ്പിക്‌സില്‍ സെക്കന്റ്‌ വ്യത്യാസത്തില്‍ വെങ്കലം നഷ്‌ടമായിരുന്നത്‌ വലിയ വാര്‍ത്തയായിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക