മലിനീകരണം, മോശം ഭക്ഷണശീലം: ഗ്രാമീണ ഇന്ത്യയേക്കാള്‍ അസുഖബാധിതം നഗര ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍

ചൊവ്വ, 12 ഏപ്രില്‍ 2016 (13:40 IST)
ഗ്രാമീണ ഇന്ത്യയേക്കാള്‍ അസുഖബാധിതം നഗര ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത്, വെല്‍നെസ് ക്ലിനിക്കുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും നഗരങ്ങളില്‍ നിരവധിയുണ്ടെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ നഗരം എപ്പോഴും ഗ്രാമത്തിനു പിന്നില്‍ തന്നെ. മലിനീകരണവും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
 
സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിവാക്കുന്നത്. പതിനഞ്ചു ദിവസത്തെ നിരീക്ഷണ കാലയളവില്‍ നഗരപ്രദേശത്ത് 11.8ശതമാനം ആളുകളും ഗ്രാമീണമേഖലയില്‍ 8.9ശതമാനം ആളുകളും അസുഖബാധിതരാണെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം, ഇരു പ്രദേശങ്ങളിലും സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ വേഗത്തില്‍ അസുഖബാധിതര്‍ ആകുന്നത്. നഗരപ്രദേശങ്ങളില്‍ 10.1 ശതമാനം പുരുഷന്മാര്‍ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളുടെ എണ്ണം 13.5 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത് യഥാക്രമം  9.9 %, 8 % എന്നിങ്ങനെയാണ്.
 
അതേസമയം, നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും അലോപ്പതി ചികിത്സയെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. പകരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടു വന്നെങ്കിലും ആളുകള്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നത് തുടരുകയാണ്. ഇതിനിടെ, ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ആശുപത്രികളില്‍ പോകുന്നതിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്.

വെബ്ദുനിയ വായിക്കുക