മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി; അപാകതയുണ്ടെങ്കില്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഞായര്‍, 6 മാര്‍ച്ച് 2016 (15:15 IST)
മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്കിയ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എല്ലാ വിഷയത്തിലും സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. പദ്ധതിയുമായി മുന്നോട്ടു വന്നത് ഇടതു സര്‍ക്കാര്‍ ആയിരുന്നു. പദ്ധതിക്ക് അവര്‍ തത്വത്തില്‍ അംഗീകാരം നല്കുകയും ചെയ്തിരുന്നു. എന്നാല്‍, അതു മറച്ചുവെച്ചാണ് ഇപ്പോള്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പദ്ധതിക്കെതിരെ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ ആക്ഷേപം അറിയിച്ചിരുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യ വിവരാവകാശ കമീഷണറുടെയും അംഗങ്ങളുടെയും നിയമനം സംബന്ധിച്ച ഫയൽ ഗവർണർ മടക്കിയിട്ടില്ലെന്നും ഫയൽ മടക്കിയെന്ന് മാധ്യമങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
വിവരാവകാശ കമ്മീഷണറുടെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ കേസുള്ളതിനാൽ വിശദാംശങ്ങൾ ചോദിക്കുക മാത്രമാണ് ഗവർണർ ചെയ്തതെന്നും കേസിന്‍റെ ഭാഗമായി കോടതിയിൽ ഫയൽ ഹാജരാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക