വിദേശവനിതയ്ക്കെതിരെ പീഡന ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

ശനി, 3 സെപ്‌റ്റംബര്‍ 2016 (16:13 IST)
കോവളം കാണാനെത്തിയ വിനോദ സഞ്ചാരിയായ 50 കാരിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കോല കുഴിപ്പള്ളം സ്വദേശി എ.എം.ഭവനില്‍ അനു എന്ന 21 കാരനും ഒന്‍പതാം ക്ലാസുകാരനായ ഒരു വിദ്യാര്‍ത്ഥിയുമാണു പിടിയിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് മണല്‍ത്തീരം റിസോര്‍ട്ടില്‍ നിന്ന് ചൊവ്വര ക്ഷേത്രത്തിനടുത്തേക്ക് മറ്റൊരു വിദേശ വനിതയ്ക്കൊപ്പം നടന്നു വരവേയാണു ബൈക്കിലെത്തിയ അക്രമികള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. സുഹൃത്തായ സ്ത്രീ ഈ സമയം മൊബൈലില്‍ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
 
എന്നാല്‍ വീണ്ടും ബൈക്കില്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ബൈക്ക് നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ മൊബൈലില്‍ ചിത്രീകരിച്ചു. പ്രതികള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ഒച്ചവച്ചതും ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
 
തുടര്‍ന്ന് വിദേശ വനിതകള്‍ ഹോട്ടല്‍ അധികാരികള്‍ക്ക് ചിത്രങ്ങള്‍ കൈമാറുകയും സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാത്രി പതിനൊന്നരയോടെ പ്രതികളെ പിടികൂടുകയായിരുന്നു. 
 
വിഴിഞ്ഞം എസ്.ഐ പി.രതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക