ഇന്നും നാളെയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; പൊഴിയൂര്‍ മുതല്‍ കോഴിക്കോട് തീരംവരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകും

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (15:32 IST)
ഡിസംബര്‍ അഞ്ച് രാത്രി 11.30 വരെ കേരള തീരത്തു പൊഴിയൂര്‍ മുതല്‍ കോഴിക്കോട് വരെ 1.5 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ്. നിലവില്‍ തീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയുമാണ്.
 
തീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
 
ഡിസംബര്‍ ആറുവരെ ലക്ഷദ്വീപ്-മാലിദ്വീപ്, കൊമോറിന്‍ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍