തിരുവനന്തപുരം ജില്ലയില്‍ 48 മണിക്കൂറിനുള്ളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും

ശ്രീനു എസ്

വെള്ളി, 27 നവം‌ബര്‍ 2020 (18:35 IST)
ജില്ലയില്‍ നിയമം ലഘിച്ചു സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ ബോര്‍ഡുകളും 48 മണിക്കൂറിനകം നീക്കം ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിലാണു സ്പെഷ്യല്‍ ഡ്രൈവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചവയില്‍ നിയമം ലംഘിച്ചിട്ടുള്ളവ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും തിരഞ്ഞെടുപ്പു പ്രചാരണേതര ബോര്‍ഡുകളില്‍ നിയമം ലംഘിച്ചു സ്ഥാപിച്ചവ അതതു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുമാണു നീക്കം ചെയ്യുക. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
 
വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്ന ബോര്‍ഡുകള്‍, വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനു തടസമാകുന്ന ബോര്‍ഡുകള്‍, നടപ്പാതകള്‍, റോഡുകളുടെ വളവുകള്‍ എന്നിവിടങ്ങളിലും പാലങ്ങള്‍, റോഡുകള്‍ എന്നിവയ്ക്കു കുറുകേയും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ നീക്കം ചെയ്യും. പൊതുജനങ്ങളുടേയോ വാഹനങ്ങളുടേയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന വിധത്തില്‍ വാഹനങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാന്‍ പാടില്ലെന്നു കളക്ടര്‍ വ്യക്തമാക്കി.
 
ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈല്‍ ടവറുകളിലോ ടെലഫോണ്‍ പോസ്റ്റുകളിലോ തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കാനോ പതിക്കാനോ വരയ്ക്കാനോ പാടില്ല. പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ നിര്‍മിച്ച പ്രചാരണോപാധികള്‍ മാത്രമേ പാടുള്ളൂ. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍