ഇനിയവര്‍ ഇരിക്കട്ടെ; ആദിവാസികളുടെ നില്‍പ്പ് സമരം അവസാനിച്ചു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (08:00 IST)
മാസങ്ങളായി തലസ്ഥാന നഗരയില്‍ നടന്നുകൊണ്ടിരുന്ന ആദിവാസികളുടെ നില്‍പ്പ് സമരം ഒത്തു തീര്‍ന്നു. ആദിവാസൈക്ല് ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനേ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നത്. ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി നല്‍കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ക്കാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാ‍ ആദിവാസി ഗോത്ര മഹാസഭ തീരുമാനിച്ചത്.

മന്ത്രിസഭായോഗത്തില്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതിനുശേഷം ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചു. ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി നല്‍കും. 100%  ആദിവാസികളുള്ള മേഖലകളില്‍ പ്രത്യേക പഞ്ചായത്തുകള്‍ അനുവദിക്കാന്‍ പെസ നിയമം നടപ്പാക്കും. ഇതിനായി ആദിവാസി ഊരുഭൂമി പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തി പെസ (പ്രൊവിഷന്‍ ഓഫ് പഞ്ചായത്ത്-എക്സ്റ്റന്‍ഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് ഏരിയ) നിയമം ഭേദഗതികളോടെ നടപ്പാക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. 100% ആദിവാസികളുള്ള ഇടമലക്കുടി, ആറളം മേഖലയിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. നിയമം നടപ്പാകുന്നതോടെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആദിവാസിഭൂമി ക്രയവിക്രയം നടത്താനാകില്ല. ആദിവാസികളുടെ നിയന്ത്രണത്തിലുള്ള പഞ്ചായത്തുകള്‍ വരുന്നതോടെ അവര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നതിനും ചൂഷണങ്ങള്‍ കുറയുന്നതിനും ഇടയാക്കും.

മുത്തങ്ങ സമരത്തെത്തുടര്‍ന്നു കുടിയിറക്കപ്പെട്ട 447 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയും വീട് നിര്‍മിക്കാന്‍ 2.5 ലക്ഷം രൂപയും വീതം നല്‍കും. വെടിവയ്പിനെത്തുടര്‍ന്നു ജയിലിലായ ആദിവാസി കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുത്തങ്ങയില്‍ ജയിലിലായ 44 കുട്ടികളുണ്ടെന്നാണു സര്‍ക്കാരിന്റെ കണക്കെന്നും അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചുകഴിഞ്ഞു വെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും സഹായം നല്‍കും.

ആദിവാസി പുനരധിവാസ മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. അട്ടപ്പാടിയില്‍ ആദിവാസികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത കൃഷി പദ്ധതികള്‍ക്കു പ്രത്യേക സാമ്പത്തികസഹായം നല്‍കും. ഐടിഡിപി പദ്ധതികളുടെ നടത്തിപ്പിനു മികച്ച ഏജന്‍സികളെ നിയോഗിക്കും. വേടര്‍ സമുദായത്തിനു പ്രത്യേക പാക്കേജ് അനുവദിക്കും. പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു വനാവകാശ നിയമത്തിനനുസൃതമായി കൈവശാവകാശരേഖ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാസയോഗ്യമല്ലെന്നു റിപ്പോര്‍ട്ട് ചെയ്ത 1500 ഹെക്ടര്‍ ഭൂമി ആദിവാസിപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി വാസയോഗ്യമാണെന്നു കണ്ടെത്തിയാല്‍ ആ ഭൂമിയും വിതരണം ചെയ്യും. വനാവകാശം കൊടുത്തതിന്റെ പേരിലും ആദിവാസികളല്ലാത്തവര്‍ കയ്യേറിയതിനെത്തുടര്‍ന്നും ആദിവാസികള്‍ക്കു കുറവുവന്ന ഭൂമി കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.  

സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ആദിവാസി ഗോത്ര മഹാസഭ 162 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പുസമരം ഇന്ന് അവസാനിപ്പിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.  

ആദിവാസി ഭൂമിവിതരണ പ്രശ്നത്തില്‍ വിപ്ളവകരമായ തീരുമാനമാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനും. ആദിവാസികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അതിനുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോട് എന്നുമുണ്ടാകും. ഇന്നു മന്ത്രിസഭാ തീരുമാനങ്ങളുടെ ഔദ്യോഗികരേഖ ലഭിച്ചാലുടന്‍ സമരം അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.   



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക