തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ വാഹനപരിശോധനയ്‌ക്കിടെ അമ്മയും മകളും മരിച്ചു സംഭവത്തില്‍ പൊലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചു. മണ്ണുത്തിയില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തിനും പൊലീസിനെ കുറ്റപ്പെടുത്തിയാല്‍ പരിശോധനകള്‍ നടത്താനാകില്ല. പൊലീസ് ആസ്ഥാനത്തെ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയുടെ കാര്യത്തില്‍ സാങ്കേതിക പിഴവുകളാണ് സംഭവിച്ചത്. അല്ലാതെ പദ്ധതിയുടെ കാര്യത്തില്‍ അഴിമതിയുണ്ടെന്ന് കരുതാന്‍ സാധിക്കില്ല. കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ് അനുസരിച്ച് പ്രതികളെ പിടികൂടാറില്ലെന്നും ഡിജിപി പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ 10.45 ഓടെയാണ് മണ്ണൂത്തിയില്‍ അപകടം സംഭവിച്ചത്. പട്ടിക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം, ഹൈവേ പൊലിസിന്റെ വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ഹൈവേ പൊലിസ് ഒരു ലോറിക്ക് കൈകാണിച്ച് നിര്‍ത്തിക്കുന്നതിനിടെ കടന്നുവന്ന ബസും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു.