ടൂറിസം രംഗത്ത് ഇനി കേരള- ശ്രീലങ്ക സഹകരണം

വെള്ളി, 24 ഏപ്രില്‍ 2015 (19:00 IST)
കേരളത്തിലെയും ശ്രീലങ്കയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി പുതിയ ടൂറിസം ശൃംഖല രൂപപ്പെടുത്തുന്നതിന് കേരളവും ശ്രീലങ്കയും ധാരണയിലെത്തി. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെയും ശ്രീലങ്കന്‍ ടൂറിസം കായിക വകുപ്പ് മന്ത്രി നവീന്‍ ദിസ്സനായകെയുടെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.

ഇതിന്റെ ഭാഗമായി കൊച്ചിയെയും കൊളംബോയെയും ബന്ധിപ്പിച്ചുള്ള ഉല്ലാസ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് ശ്രീലങ്ക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹകരണത്തിനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും ശ്രീലങ്കയിലെ ടൂറിസം പ്രതിനിധികള്‍ ഉടനെ കേരളത്തിലെത്തും. കൂടാതെ കേരളത്തിലെ കോര്‍പ്പറേറ്റുകളുമായി സഹകരിച്ചു സംസ്ഥാനത്ത് സീ പ്ളെയ്ന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ പ്ളെയ്ന്‍ ഓപ്പറേറ്റര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരള ടൂറിസത്തിന്റെ വിസിറ്റ് കേരള പദ്ധതി പ്രയോജനപ്പെടുത്തി കേരളത്തിനും കൊളംബോയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സുകളിലെ പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. കേരളത്തിന്റെ ഈ ആവശ്യം ശ്രീലങ്ക പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഹകരണത്തിന്റെ ഭാഗമായി ടൂറിസം വിപണികളായ ചൈന, റഷ്യ, ജര്‍മനി എന്നിവിടങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കേരളവും ശ്രീലങ്കയും ഇനിമുതല്‍ സംയുക്തമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. കേരളവും ശ്രീലങ്കയുമായുള്ള സഹകരണം ദൃഢമാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥി സമ്പര്‍ക്ക പരിപാടികളിലൂടെ ടൂറിസം ക്ളബ്ബ്, സാംസ്കാരിക വിനിമയ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക