തൃശൂരില്‍ വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു

വെള്ളി, 6 നവം‌ബര്‍ 2015 (08:03 IST)
റോഡരികിലെ വെള്ളക്കെട്ടിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗള്‍ഫില്‍ നിന്ന് മടങ്ങി വരികയായിരുന്ന പാലക്കാട് ആലത്തൂര്‍ കാട്ടിശ്ശേരി പുതുശ്ശേരിക്കളം ഇസഹാഖും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ പുതുക്കാടിലെ നന്തിക്കരയിലായിരുന്നു  വെള്ളിയാഴ്ച പുലര്‍ച്ചെയോടെ അപകടം ഉണ്ടായത്.
 
ടാറ്റ സുമോയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ മൊത്തം എട്ട് പേരായിരുന്നു ഉണ്ടായിരുന്നത്. 
ഇസഹാഖിന്റെ അച്‌ഛന്‍ ഇസ്മയില്‍ (68), അമ്മ ഹൗവ്വമ്മ (63), ഭാര്യ ഹൗസത്ത് (35), മകള്‍ ഇര്‍ഫാന (3), ഹൗസത്തിന്റെ സഹോദരന്‍ മന്‍സൂര്‍ (45) അപകടത്തില്‍പ്പെട്ട ടാറ്റ സുമോയുടെ ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരാണ് മരിച്ചത്. ഇസഹാഖിന്റെ മകന്‍ എട്ടുവയസ്സുകാരനായ ഇജാസ് മാത്രമാണ് രക്ഷപ്പെട്ടത്. കഴുത്തിനു പരുക്കേറ്റ കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസഹാഖ് ഗള്‍ഫില്‍ നിന്ന് എത്തിയത്. ഇസഹാഖുമായി വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. പുതുക്കാട് നന്തിക്കര പെട്രോള്‍ പമ്പിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വെള്ളക്കെട്ടിലേക്ക് മൂക്കുകുത്തി മറിയുകയായിരുന്നു. 
 
അതേസമയം, അപകടം ഉണ്ടായതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ടോള്‍ പിരിവ് നടത്തിയിട്ടും അടിസ്ഥാന സൌകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പിന്നീട് ഇവരെ പൊലീസ് നീക്കം ചെയ്തു.

വെബ്ദുനിയ വായിക്കുക