തിരഞ്ഞെടുപ്പ്: തൃശൂരില്‍ പോളിംഗ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി

ശ്രീനു എസ്

വെള്ളി, 27 നവം‌ബര്‍ 2020 (14:16 IST)
തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ- ഡ്രോപ്പ്  സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകളും സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ചു.
 
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സോഫ്റ്റ്വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിയമന ഉത്തരവിന്റെ പകര്‍പ്പെടുത്ത് ബന്ധപ്പെട്ട സ്ഥാപന മേധാവിമാര്‍ക്ക് നവംബര്‍ 27 ന് തന്നെ നല്‍കി വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കണം. എല്ലാ സ്ഥാപനമേധാവിമാരും ഉത്തരവ് കൈപ്പറ്റുന്നതിനായി നവംബര്‍ 27, 28, 29 തീയതികളില്‍ അതത് സ്ഥാപനങ്ങളില്‍ ഹാജരാകണം.
 
പോളിംഗ് ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ അവര്‍ക്കുള്ള പരിശീലന ക്ലാസിലെ സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍