എറണാകുളം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 24 കാരനായ യുവാവിൽ നിന്ന് സ്വകാര്യ ചിത്രങ്ങളും മറ്റും കൈവശപ്പെടുത്തിയ ശേഷം പണവും സ്വര്ണാഭരണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഷഹീം, അനന്ദു, അൻസിൽ എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്റെ വലയിലായത്.
സ്വവർഗഗാനുരാഗികൾക്ക് വേണ്ടിയുള്ള ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് യുവാവ് പ്രതികളിൽ ഒരാളുമായി ചാറ്റ് നടത്തിയത്. പിന്നീട് തട്ടിപ്പ് സംഘം യുവാവിനെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതോടെ എറണാകുളത്തെ അമ്മന്കോവിലിനടുത്ത് എത്താമെന്ന് സമ്മതിച്ചു. പക്ഷെ യുവാവിനെ കണ്ടതോടെ ഇവർ ഇയാളെ ബലമായി തടയുകയും മൊബൈൽ ഫോണും മറ്റും പിടികൂടി.
മൊബൈലിൽ നിന്ന് ലഭിച്ച ഫോട്ടോകൾ യുവാവിന്റെ കൂട്ടുകാർക്ക് നൽകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ആദ്യം ഇരുപതിനായിരം രൂപ തട്ടിയെടുത്ത്. പിന്നീട് അടുത്ത ദിവസം ഭീഷണിപ്പെടുത്തി മുപ്പത്തിനായിരവും കൈക്കലാക്കി. പിന്നീട് യുവാവിന്റെ താമസ സ്ഥലമായ ലോഡ്ജിൽ എത്തിയ ശേഷം മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ഒന്നര പവന്റെ മാലയും കൊണ്ട് തട്ടിപ്പ് സംഘം സ്ഥലം വിട്ടു.
തുടർന്ന് ഫോണിൽ നിന്ന് ലഭിച്ച വിവരം വച്ചുകൊണ്ട് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയായ ഷഹീമിനെ പിടികൂടി. ഇയാളിൽ നിന്ന് ലഭിച്ച വിവരം വച്ചാണ് മറ്റു രണ്ടു പേരെ പിടികൂടിയത്. ഇതിൽ ഷഹീമിനെതിരെ പറവൂർ പോലീസിൽ ഒരു പോക്സോ കേസും തിരൂരിൽ ഒരു ക്രിമിനൽ കേസുമുണ്ട്. എറണാകുളം സെൻട്രൽ പോലീസ് എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.