ആയുഷ്മാൻ ഭാരത് ഇലക്ഷനു വേണ്ടിയുള്ള തട്ടിപ്പ് മാത്രം, ഭാരം ചുമക്കുന്നത് സംസ്ഥാനങ്ങൾ, തള്ളുന്നത് മോദി കെയറിന്റെ പേരിൽ: തോമസ് ഐസക്
ശനി, 29 സെപ്‌റ്റംബര്‍ 2018 (12:50 IST)
കേന്ദ്ര സർക്കർ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ധനമന്ത്രി തോമസ് ഐസക്. കൊട്ടിഘോഷിക്കുന്ന ആയുഷ്മാൻ ഭാരതിന്റെ ഭാരം യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. ഇങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷെ തള്ളുന്നത് മോദി കെയറിന്റെ പേരിലും. ഇത് അല്ല സ്ഥിതിയെങ്കിൽ കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കട്ടെ എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ എഴുതി
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആയുഷ്മാൻ ഭാരത് പദ്ധതിയും കേരളവും
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായിട്ടാണ് ആയുഷ്മാൻ ഭാരത് പ്രചരിപ്പിക്കപ്പെടുന്നത്. 2008 ൽ യുപിഎ സർക്കാർ ആർ.എസ്.ബി.വൈ പദ്ധതി ആരംഭിച്ചപ്പോഴും ഇതുതന്നെയായിരുന്നു പ്രചരണം. പക്ഷെ, ആർ.എസ്.ബി.വൈ.യുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്?
ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള എല്ലാവർക്കും കിടത്തി ചികിത്സയ്ക്ക് 30,000 രൂപയുടെ ഇൻഷ്വറൻസ് എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പിന്നീട് 60 വയസ്സിനു മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങൾക്ക് 30000 രൂപ വീതം അധികം പ്രഖ്യാപിച്ചു. ഗുണഭോക്താവ് ഒന്നും നൽകേണ്ടതില്ല. ഇൻഷ്വറൻസ് പ്രീമിയം മുഴുവൻ സർക്കാർ അടച്ചുകൊള്ളും. 75 ശതമാനം കേന്ദ്ര സർക്കാരും 25 ശതമാനം സംസ്ഥാന സർക്കാരും. സംസ്ഥാന സർക്കാർ വിഹിതം 40 ശതമാനമാക്കി ഉയർത്തി ബിജെപി ഈ അനുപാതം പരിഷ്കരിച്ചു.
10 വർഷം കഴിയുമ്പോൾ 4 കോടി ജനങ്ങളാണ് ഈ സൗജന്യ ഇൻഷ്വറൻസ് സ്കീമിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. അതായത്, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ 15 ശതമാനം മാത്രം. ശരാശരി എടുത്താൽ ഒരു കുടുംബത്തിന് ലഭിക്കുന്നത് 600-700 രൂപയുടെ ആനുകൂല്യം. ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കൾക്ക് ഇത് ലഭിക്കുന്നുമില്ല.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യത്താകെ 120 കോടി ഇൻഷ്വറൻസ് ക്ലെയിമുകളാണ് ഉണ്ടായത്. അതിൽ 31 കോടി കേരളത്തിൽ നിന്നുമാത്രമായിരുന്നു. ജനസംഖ്യയുടെ കേവലം 3 ശതമാനമുള്ള കേരളത്തിൽ നിന്നാണ് ക്ലെയിമുകളുടെ 42 ശതമാനം. അപ്പോൾ ഈ ആരോഗ്യ പദ്ധതി പ്രകാരം കേരളത്തിനു പുറത്തുള്ള ജനങ്ങൾക്ക് എന്തു നേട്ടമുണ്ടായിക്കാണും? പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ.
ആർ.എസ്.ബി.വൈ.യുടെ വിപുലീകരിച്ച സ്കീം മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ആയുഷ്മാൻ ഭാരത്. ആർ.എസ്.ബി.വൈ ലക്ഷ്യമിട്ടത് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരെയാണെങ്കിൽ പിന്നോക്കം നിൽക്കുന്ന 50 കോടി ജനങ്ങളാണ് ആയുഷ്മാൻഭാരതിന്റെ ലക്ഷ്യം.
ആനുകൂല്യമായി ആർ.എസ്.ബി.വൈ. നിശ്ചയിച്ച 30,000 രൂപയുടെ പരിധി പുതിയ സ്കീമിൽ 5,00,000 രൂപയായി ഉയർത്തി. ബിജെപി സർക്കാർ നാലു വർഷം ഈ സ്കീം നടപ്പിലാക്കിയിട്ടും ആർ.എസ്.ബി.വൈ.യുടെ ഗതി മേൽപ്പറഞ്ഞതാണെങ്കിൽ ആയുഷ്മാൻ ഭാരതത്തിന്റെ ഗതി മറ്റൊന്ന് ആകുമോ?
എന്നു മാത്രമല്ല, പൊതുആരോഗ്യ സൗകര്യങ്ങൾക്കു വേണ്ടിയുള്ള ഏറ്റവും വലിയ പദ്ധതിയായ നാഷണൽ ഹെൽത്ത് മിഷന്റെ അടങ്കൽ ഓരോ വർഷവും ബിജെപി സർക്കാർ വെട്ടിച്ചുരുക്കുകയാണ്. ആർ.എസ്.ബി.വൈ.യ്ക്കു വേണ്ടി കേന്ദ്രവും സംസ്ഥാനവുംകൂടി മുടക്കിക്കൊണ്ടിരുന്നത് ഏതാണ്ട് 2500 കോടി രൂപയാണ്. കേരളം മാറ്റനിർത്തിയാൽ ഇതിന്റെ സിംഹപങ്കും ഒഴുകിയത് സ്വകാര്യ ആശുപത്രികളിലേയ്ക്കും.
ആർ.എസ്.ബി.വൈ.യിൽ അക്രെഡിറ്റ് ചെയ്ത 7226 ആശുപത്രികളിൽ 4291 എണ്ണവും സ്വകാര്യ ആശുപത്രികളായിരുന്നു. സ്വകാര്യ ആശുപത്രികൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും തടിച്ചു കൊഴുക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ആർ.എസ്.ബി.വൈ.
ആർഎസ്ബിവൈയെക്കുറിച്ചും എൽഡിഎഫിന് വിമർശനങ്ങളുണ്ടായിരുന്നു. നമ്മുടെ സവിശേഷസാഹചര്യങ്ങൾക്ക് അനുസൃതമായ തരത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയണമെന്ന് നാം ശക്തമായി വാദിച്ചു. ആ അവകാശം സ്ഥാപിച്ചുകൊണ്ടു തന്നെ പദ്ധതിയിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നാം ചേരുകയും ചെയ്തു. ഇന്ന് ഈ സ്കീം ഏറ്റവും നല്ല രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനവും കേരളമാണ്. ആയുഷ്മാൻ ഭാരതും ഇപ്രകാരം നടപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
ആർ.എസ്.ബി.വൈ സ്കീം വിപുലപ്പെടുത്തണമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റ് നിർദ്ദേശിച്ചിരുന്നു. ജീവിതശൈലി രോഗങ്ങൾക്കടക്കം സമ്പൂർണ്ണ ചികിത്സ ഉറപ്പുവരുത്തുന്ന സമഗ്ര ആരോഗ്യ പദ്ധതിയെന്ന നിർദ്ദേശമാണ് മുന്നോട്ടു വച്ചത്. ലോട്ടറിയുടെ വരുമാനം പൂർണ്ണമായും ഇതിനായി നീക്കിവെയ്ക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ആയുഷ്മാൻ ഭാരത് പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതുകൂടി ഉൾക്കൊണ്ടു പദ്ധതി സമഗ്രമാക്കാൻ തീരുമാനിച്ചു. അതുകൊണ്ടാണ് ബജറ്റ് നിർദ്ദേശം നടപ്പാക്കുന്നതിന് കാലതാമസമുണ്ടായത്.
പുതിയ സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് അനുസരിച്ച് താലൂക്ക് – മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സാസൗകര്യങ്ങൾ വിപുലപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ സ്കീമിൽ പറയുന്ന പ്രാഥമികാരോഗ്യ വെൽനസ് കേന്ദ്രങ്ങളാണ് നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ആർ.എസ്.ബി.വൈ.യുടെ കാര്യത്തിലെന്നപോലെ കേരളത്തിന്റെ സവിശേഷതയ്ക്കനുസൃതമായി ആയുഷ്മാൻ ഭാരതിനെ ചിട്ടപ്പെടുത്താനുള്ള അവകാശം സംസ്ഥാനത്തിന് ഉണ്ടാകണം.
ആദ്യത്തെ പ്രശ്നം പദ്ധതിയിലെ കേന്ദ്രവിഹിതമാണ്. ആർ.എസ്.ബി.വൈ പദ്ധതിയിൽ പ്രീമിയം പരിധി 1250 രൂപയാണ്. ഇതിന്റെ 60 ശതമാനമായ 750 രൂപ കേന്ദ്രം നൽകും. അങ്ങനെ 2017-18ൽ കേന്ദ്രസർക്കാർ 83 കോടി രൂപയാണ് നൽകിയത്. കേന്ദ്രസർക്കാർ വിഹിതം 20.4 ലക്ഷം കുടുംബങ്ങൾക്ക് അംഗത്വം ഉറപ്പുവരുത്തുമ്പോൾ അതിനു പുറമെ 19.6 ലക്ഷം കുടുംബങ്ങൾക്ക് സംസ്ഥാന ഖജനാവിൽ നിന്നു പ്രീമിയം അടച്ച് ഇൻഷ്വർ ചെയ്തിട്ടുണ്ട്.
പുറമേ, പ്രത്യേക രോഗങ്ങൾക്ക് ചിസ് പ്ലസ് എന്ന പേരിൽ പൊതു ആശുപത്രിയിൽ നിന്നും 70,000 രൂപയുടെ വരെ ചികിത്സാ ആനുകൂല്യം ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനുള്ള പണവും സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. ആകെ 245 കോടി രൂപയാണ് സംസ്ഥാന ഖജനാവിൽ ഇതിനുള്ള വകയിരുത്തൽ. ആർ.എസ്.ബി.വൈ പദ്ധതിയിൽ കേന്ദ്രം നൽകുന്നത് 25 ശതമാനമാണ്. എന്നാൽ ആയുഷ്മാൻ ഭാരതിൽ കേന്ദ്രവിഹിതം 5 ശതമാനത്തിൽ താഴെയാകാനാണ് സാധ്യത.
ആയുഷ്മാൻ ഭാരതിന്റെ ഇൻഷ്വറൻസ് ആനുകൂല്യം 5 ലക്ഷം രൂപ വരെയായി ഉയർത്തിയെന്നാണ് വീമ്പടിക്കുന്നത്. പക്ഷെ, പ്രീമിയം തുക 1100 രൂപ മാത്രമാണെന്നാണ് അനൌദ്യോഗിക വിവരം. ആർ.എസ്.ബി.വൈ.യെക്കാൾ കുറവ്. ഇതിൽ 40 ശതമാനം സംസ്ഥാനം വഹിക്കണം. 19 ലക്ഷം കുടുംബങ്ങൾക്കാണ് കേന്ദ്രം പണം നൽകുക. ഇപ്പോഴുള്ള 41 ലക്ഷം കുടുംബങ്ങളിൽ 22 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ ചെലവ് സംസ്ഥാനം വഹിക്കണം.
തീർന്നില്ല, 5 ലക്ഷം രൂപയുടെ ആനുകൂല്യം മുഴുവൻ ഇൻഷ്വറൻസ് വഴി നൽകാൻ തീരുമാനിച്ചാൽ കേരളത്തിൽ പ്രീമിയം തുക 5000-7000 രൂപ വരുമെന്നാണ് കമ്പനികളുടെ അനൗപചാരിക കണക്ക്. 1100 രൂപയ്ക്ക് മുകളിൽ വരുന്ന മുഴുവൻ ചെലവും സംസ്ഥാനം വഹിക്കേണ്ടി വരും. കൊട്ടിഘോഷിക്കുന്ന ആയുഷ്മാൻ ഭാരതിന്റെ ഭാരം യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. ഇങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷെ തള്ളുന്നത് മോദി കെയറിന്റെ പേരിലും. ഇത് അല്ല സ്ഥിതിയെങ്കിൽ കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കട്ടെ.
അഞ്ച് ലക്ഷത്തിന്റെ പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്നുവെങ്കിലും ഗൈഡ് ലൈൻസ് പ്രകാരം ഭാഗികമായാണ് ഇൻഷ്വറൻസ്. ബാക്കി വേണമെങ്കിൽ അഷ്വറൻസാക്കാം. 30,000 രൂപ വരെ ആർ.എസ്.ബി.വൈ.യിൽ ഇൻഷ്വറൻസാണ്. ചിസ് പ്ലസിലെയും കാരുണ്യയിലെയും ആനുകൂല്യം അഷ്വറൻസാണ്.
ഇൻഷ്വറൻസുപോലെ ഓട്ടോമാറ്റിക്കായി ഈ തുക ലഭിക്കില്ല. ഓരോ കേസും പരിശോധിച്ച് അനുവാദം കൊടുക്കുകയാണ് ചെയ്യുക. ഇതാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും ചെയ്യാൻ പോകുന്നത്. ആയുഷ്മാൻ ഭാരത് ഒരു സങ്കര ഇൻഷ്വറൻസ് – അഷ്വറൻസ് പദ്ധതിയാണ്.
ഇങ്ങനെയല്ലാതെ 1100 രൂപ പ്രീമിയത്തിന് 5 ലക്ഷം രൂപയുടെ ആനുകൂല്യം നടപ്പാക്കപ്പെടുന്നുണ്ടെങ്കിൽ ഇൻഷ്വർ ചെയ്താലും ആനുകൂല്യം അധികമൊന്നും കൊടുക്കേണ്ടി വരില്ലായെന്നാണ് ഇൻഷ്വറൻസ് കമ്പനികൾ കരുതുന്നതെന്ന് ധരിച്ചാൽ മതി. ചുരുക്കത്തിൽ മോദിയുടെ ആയുഷ്മാൻ ഭാരത് ഇലക്ഷനു വേണ്ടിയുള്ള ഒരു പ്രചാരണ തട്ടിപ്പ് മാത്രമാണ്.
ഇത് തുറന്നു കാണിക്കുമ്പോൾ തന്നെ സംസ്ഥാന ആരോഗ്യ മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് എങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാന സർക്കാർ പരിഗണിക്കും.
ഒരു ലക്ഷം രൂപ വരെ കിടത്തി ചികിത്സയ്ക്കുള്ള ഇൻഷ്വറൻസും അതിനു മുകളിൽ നിലവിലുള്ള ചിസ് പ്ലസ്, കാരുണ്യ, തുടങ്ങിയ സമാന്തര സ്കീമുകളെല്ലാം സംയോജിപ്പിച്ചു കൊണ്ട് ഒരു അഷ്വറൻസ് പദ്ധതിയുമാണ് ആലോചിക്കുന്നത്. ഇതിന്റെ പരിധി അഞ്ച് ലക്ഷമാക്കാം. പക്ഷെ ചെലവിൽ ഒരു ഭാഗം കേന്ദ്രസർക്കാർ വഹിക്കണം.
കേരളത്തിലെ പദ്ധതിയിൽ പ്രാമാണ്യം പൊതു ആരോഗ്യ സംവിധാനത്തിന് ആയിരിക്കും. അതേസമയം, മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള സ്വകാര്യ ആശുപത്രികളെയും ഉൾക്കൊള്ളിക്കും. ഇതാണ് 2018-19 ബജറ്റിൽ പറഞ്ഞ സമഗ്ര ആരോഗ്യ പദ്ധതി.
(ആയുഷ്മാൻ ഭാരത് പദ്ധതിയെക്കുറിച്ച് കേരള കൌമുദിയിലെഴുതിയ ലേഖനം)