തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്
തിങ്കള്‍, 13 നവംബര്‍ 2017 (19:35 IST)
കായല്‍ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത്.
തോമസ് ചാണ്ടി സ്വയം ഒഴിയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം, പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ കൂടിയായ വിഎസ് വ്യക്തമാക്കി.
ചാണ്ടിയുടെ രാജിക്കായി മുറവിളി ശക്തമാകുന്നതിനിടെയാണ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവെ വിഎസ് നിലപാട് കടുപ്പിച്ചത്.
അതേസമയം, ചാണ്ടിക്കായി കോൺഗ്രസ് എംപി വിവേക് തൻഖ ഹൈക്കോടതിയിൽ ഹാജരാകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഇദ്ദേഹം മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയാണ്. കേസിൽ ഹാജരാകാൻ തൻഖ കേരളത്തിലെത്തി. ചൊവ്വാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
ചാണ്ടിക്കായി കോൺഗ്രസ് എംപി ഹൈക്കോടതിയിൽ ഹാജരാകുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം വെട്ടിലായി.