തൊടുപുഴയിൽ കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയിൽ നിന്നും പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു. പലതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണ് മുറികളിൽനിന്ന് കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
തേനിയിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിഗ്രഹം സംഘടിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞും വന്‍തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഒരു വീട്ടിലെ പശുവാണ് ദോഷത്തിന് കാരണമെന്ന് പറഞ്ഞ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇത്തരത്തിൽ ആടുകളെയും വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. ഒരു സ്ഥലത്ത് നിന്നും വാങ്ങുന്ന ആടിനെ നല്ല ലക്ഷണമാണെന്ന് പറഞ്ഞ് മറ്റൊരു വീട്ടിലേക്ക് നൽകും.
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.