ആസിഫ് അലിയുടെ വീട് ആക്രമണം; കല്ലെറിഞ്ഞതിനു പിന്നില്‍ സിപിഎം പ്രവർത്തകരെന്നു പൊലീസ്
പ്രമുഖ മലയാള സിനിമ നടന്‍ ആസിഫ് അലിയുടെ വീടിന് നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പ്രതികളെ തൊടുപുഴ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് താരത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്.
ആസിഫ് അലിയുടെ പിതാവ് എം പി ഷൗക്കത്തലി സി പി എം പ്രവര്‍ത്തകനും തൊടുപുഴ നഗരസഭയുടെ മുന്‍ അധ്യക്ഷനുമാണ്‍. കഴിഞ്ഞ മാസം നാലാം തീയതി രാത്രിയിലായിരുന്നു ആസിഫ് അലിയുടെ വീടിന് നേരെ കല്ലേറുണ്ടായത്.
നഗരസഭയിലെ പതിനാറാം വാര്‍ഡ് കൗൺസിലറായ ടി കെ അനില്‍ കുമാറിനെ വാര്‍ഡ് സഭയ്‌ക്കിടെ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ കസേര കൊണ്ടടിക്കുകയും മുണ്ടുരിഞ്ഞ ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇത് മറയ്‌ക്കാനായാണ് ആസിഫ് അലിയുടെ വീടിന് നേരെ സി പി എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.