തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നേതാക്കള്‍ക്ക് എപ്പോഴും എവിടേയും യോഗം ചേരാം; എത്ര തവണ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സുധീരനല്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ചൊവ്വ, 22 മാര്‍ച്ച് 2016 (11:58 IST)
തെരഞ്ഞെടുപ്പില്‍ എത്ര തവണ മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നേതാക്കള്‍ക്ക് എപ്പോഴും എവിടേയും യോഗം ചേരാം. ഇക്കാര്യത്തില്‍ ഒരു തെറ്റുമില്ല. ഇതിനെ വെറും ഗ്രൂപ്പ് യോഗം മാത്രമായി കാണേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്നതായുള്ള കോണ്‍ഗ്രസ് നേതാവും കൊടുങ്ങല്ലൂര്‍ എം എല്‍ എയുമായ ടി എന്‍ പ്രതാപന്റെ അഭിപ്രായപ്രകടനം തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
യുവാവായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി തനിക്ക് സ്ഥാനാര്‍ഥിത്വം നല്‍കി. മൂന്ന് തവണ തുടര്‍ച്ചയായി ജയിക്കാനും കഴിഞ്ഞു. തനിക്ക് അവസരം ലഭിച്ചതുപോലെ മറ്റുള്ളവര്‍ക്ക് കൂടി അവസരം ലഭിക്കണമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാനായി മത്സരരംഗത്തുനിന്ന് മാറി നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു കാണിച്ച് പ്രതാപന്‍ വി എം സുധീരന് കത്തും നല്‍കിയിരുന്നു.
അന്തിമപട്ടികയില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന കത്ത് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതിന് മുന്നോടിയായായാണ് പ്രതാപന്‍ നല്‍കിയത്. വി എം സുധീരന്‍ ഇതു യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.