ജനസമ്പർക്കത്തിന് പുത്തൻ വഴിയുമായി പിണറായി വിജയന്റെ വെബ്സൈറ്റ്

ചൊവ്വ, 5 ഏപ്രില്‍ 2016 (11:50 IST)
ജനങ്ങ‌ളുമായി നേരിട്ടുള്ള ആശയസംവേദനത്തിനും പ്രശ്നപരിഹാരത്തിനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ സി ഇ ഒയുമായ എസ് ഡി ഷിബുലാല്‍  പ്രകാശനം ചെയ്തു. www.pinarayivijayan.in എന്നതാണ് ഔദ്യോഗിക വെബ്സൈറ്റിന്റെ അഡ്രസ്.
 
കേരളത്തിനെക്കുറിച്ച് നല്ല സ്വപ്നങ്ങ‌ൾ വെച്ച് പുലർത്തുന്ന യുവതലമുറയ്ക്ക് നവമാധ്യമങ്ങ‌ളുമായി സംവദിക്കാനുള്ള സാധ്യതകൾ വെബ്സൈറ്റിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ ആശയങ്ങ‌ളും അഭിപ്രായങ്ങ‌ളും പരസ്പരം പങ്കുവെക്കാനും അറിയിക്കാനും നവമാധ്യമങ്ങ‌ൾക്ക് കഴിയുമെന്നും അതിനാൽ കൂടുത‌ൽ ആളുകളിലേക്ക് ആശയവിനിമയം സാധ്യമാക്കാനാണ് ഇതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
 
അഭിമുഖങ്ങ‌ളുടെ വീഡിയോകൾ, ചിത്രങ്ങ‌ൾ, ലേഖനങ്ങ‌ൾ, രാഷ്ട്രീയ വിഷയങ്ങ‌ളിലെ പ്രതികരണങ്ങ‌ൾ, അഭിപ്രായങ്ങ‌ൾ തുടങ്ങിയവ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങ‌ളുടെ ചോദ്യങ്ങ‌ൾക്ക് ഇ-മെയിൽ വഴി മറുപടി നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന്റെ ചിത്രങ്ങ‌ളും പ്രചരണങ്ങ‌ളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ നവമാധ്യമങ്ങ‌ളുടെ ലോകത്തേക്ക് കടന്ന് വരുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
 
വ്യാജ പ്രചരണങ്ങ‌ളെ തടയാൻ വെബ്സൈറ്റിന് കഴിയുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ദിനേശ് ഭാസ്കരൻ, എം പിമാരായ ടി എൻ സീമ, തോമസ് ഐസക്, സി പി നാരായണൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക