പാമ്പിന്റെ ഉമിനീരാണ് വിഷം.ആ അര്‍ഥത്തില്‍ എല്ലാ പാമ്പിനും വിഷമുണ്ട്. എങ്കിലും മനുഷ്യനെപ്പോലുള്ള വലിയ ജീവികളെ കൊല്ലാന്‍ മാത്രം വീര്യമുള്ള വിഷം വളരെ കുറച്ചു പാമ്പുകള്‍ക്കെ ഉള്ളു. കണ്ണിനു പിന്നില്‍ കുറച്ചു താഴെയാണ് വിഷ ഗ്രന്ഥിയുടെ സ്ഥാനം. ഇതില്‍ നിന്നുള്ള ചെറിയ വിഷക്കുഴലുകള്‍ വിഷപ്പല്ലുമായി ഇതിനെ ബന്ധിപ്പിക്കുന്നു.
രാജവെമ്പാല എന്ന സാധുജീവി:
കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം നീളം വന്നേയ്ക്കും. ഒറ്റകൊത്തിൽ ഒരു ശരാശരി മനുഷ്യനെ മുപ്പതുമിനിട്ടിനുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ട്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റ് നാഗങ്ങളെ ആഹാരമാക്കുന്നതും രാജവെമ്പാലയുടെ സ്വഭാവമാണ്.
സാധാരണഗതിയിൽ രാജവെമ്പാലയ്ക്ക് അതിന്റെ നീളത്തിന്റെ മൂന്നിലൊരുഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്തുവാൻ സാധിക്കാറുണ്ടു്, അങ്ങനെ ഒരു സാധാരണ മനുഷ്യനെ ഭയചകിതനാക്കുംവിധം നേർക്കുനേർ നോക്കുവാൻ ഈ സർപ്പത്തിന് കഴിയുന്നതുകാരണം രാജവെമ്പാലയെ കുറിച്ചു പല അത്ഭുതകഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.
'രാജവെമ്പാല' എന്ന പേരു പ്രയോഗത്തിൽ വന്നത് എന്നു മുതലെന്നു വ്യക്തമല്ല. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണുന്ന 'വഴല' എന്ന വാക്കാണു മലയാളത്തിൽ ഉപയോഗിച്ചിരുന്നതെന്ന് ഒരു വാദമുണ്ട്. പുറത്തെ കറുത്ത നിറം കാരണം 'കരുവഴല' എന്നും പറഞ്ഞിരുന്നു.
മഴക്കാടുകളിലാണ് സാധാരണ രാജവെമ്പാലയുടെ ആവാസസ്ഥലം. ഈ ജീവി ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന രാജവെമ്പാലയ്ക്ക് ഉത്‌പ്ലവിക്കുവാനുള്ള കഴിവുകൾ കൂടിയുണ്ട്. വയനാട്ടിലെ കാടുകളിൽ രാജവെമ്പാല ധാരാളമായുണ്ട്. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു.
രാജവെമ്പാലയുടെ വിഷം ഇരയുടെ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നത്. വിഷബാധ ഇരകളിൽ കലശലായ വേദനയും, കാഴ്ച മങ്ങലും, തലചുറ്റലും, ശരീരസ്തംഭനവും വരുത്തി വയ്ക്കുന്നു. വിഷബാധയേറ്റു മിനുറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനും തകരാറിലാവുകയും ചെയ്യും. മനുഷ്യർക്കു രാജവെമ്പാലയുടെ വിഷബാധയേൽക്കുകയാണെങ്കിൽ രക്ഷപ്പെടുവാൻ മറുമരുന്നുകളുണ്ട്.
മൂർഖൻ:
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. അതുകൊണ്ട് വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും.
ഉച്ചത്തിൽ ചീറ്റുന്ന പാമ്പാണ് മൂർഖൻ. ആളുകൾ ഈ പാമ്പിനെ വല്ലാതെ ഭയപ്പെടുന്നതിന്റെ ഒരു കാര്യവും ഇതാണ്.ഭയപ്പെടുമ്പോഴാണ് മൂർഖൻ ചീറ്റുന്നത്.
മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. അപൂർവമായി സ്വർണ നിറത്തിലും കാണാറുണ്ട്. പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത. ഏകദേശം അഞ്ചു മീറ്റർ നീളം ഉണ്ട് മൂർഖൻ. ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂർഖൻ കടിക്കാറുള്ളൂ.
വെള്ളിക്കെട്ടൻ:
കരയിൽ ജീവിക്കുന്നതിൽ വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനക്കാരനാണ് വെള്ളിക്കെട്ടൻ അഥവാ എന്ന പാമ്പ്. വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, കെട്ടുവളയൻ, കരിവേല, ശംഖുവരയൻ എന്നീ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.
വിഷപല്ലുകൾ വളരെ ചെറുതായതിനാൽ ഇവക്ക് അധികം വിഷം കടിക്കുമ്പോൾ ഏല്പിക്കാൻ കഴിയില്ല അത് കൊണ്ട് ഇവയെ അത്രക്ക് അപകടകാരിയായി കണക്കാക്കാറില്ല. കറുപ്പും വെള്ളയും ഇടകലർന്ന നിറത്തോടു കുടിയ പാമ്പാണിത്. തിളങ്ങുന്ന കറൂപ്പുനിറത്തിൽ വെള്ളിവളയങ്ങളുള്ളതിനാൽ വേഗം തിരിച്ചറിയാനാകും.
സാധാരണയായി കുറ്റിക്കാടുകൾ, നെൽപ്പാടങ്ങൾ, വീട്ടുവളപ്പുകളെല്ലാം ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്. കിണറുകളിലും ഇവ എത്തിപ്പെടാറുണ്ട്. വീട്ടിനകത്തും ഒരു പേടിയുമില്ലാതെ ഇവ കടന്നുവരാറുണ്ട്. ഇവയുടെ പ്രിയപ്പെട്ട ആഹാരം എലി, ഗൗളി, പക്ഷികൾ മുതലായവയാണ്. തരം കിട്ടിയാൽ മറ്റു പാമ്പുകളെയും എന്തിന് സ്വന്തം വർഗ്ഗക്കാരെയും അകത്താക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്.
അണലി:
ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പുകളിൽ ഒന്നാണ് അണലി.വളരെ കൂടുതൽ പ്രദേശത്ത് കാണപ്പെടുന്നത് കൊണ്ടും, ജനവാസ മേഖലകളിലെ സാന്നിധ്യം കൊണ്ടും ഈ പാമ്പിന്റെ കടിയേറ്റ് ഇന്ത്യയിൽ ധാരാളം മരണങ്ങൾ സംഭവിക്കുന്നു. അണലിയുടെ കടിയേറ്റാലുടൻ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ധാരാളം രക്തം നഷ്ടപ്പെടാനിടയുണ്ട്.
അണലിയുടെ ശത്രുക്കൾ പക്ഷികളും മനുഷ്യരുമാണ്. ചെറുപ്പകാലത്ത് പക്ഷികളും തുകലിന് വേണ്ടി മനുഷ്യരും അവയെ ധാരാളമായി വേട്ടയാടാറുണ്ട്. അണലിയുടെ വിഷം രക്തചംക്രമണവ്യവസ്ഥയെയാണു ബാധിക്കുന്നത്.
സാധാരണയായി ഓഗസ്റ്റ് മാസത്തിൽ ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്.