കായംകുളം: 46 പവന്റെ സ്വർണ്ണവും രണ്ടു ലക്ഷവും കവർന്ന കേസിൽ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിലായി. പെരിങ്ങാല ചക്കാലകിഴക്കത്തിൽ ഹരിദാസിന്റെ വീട്ടിൽ നിന്നാണ് ഇവ കവർന്ന കണ്ണൂർ ഇരിക്കൂർ പട്ടുവദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിൽ എന്ന 30 കാരനാണ് പോലീസ് പിടിയിലായത്.
ഇയാളെ മറ്റൊരു മോഷണ കേസിൽ കണ്ണൂർ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ നാലാം തീയതി സന്ധ്യയ്ക്ക് ശേഷം നടന്ന പെരിങ്ങാലയിലെ കവർച്ചയെ കുറിച്ച് അറിഞ്ഞത്. തുടർന്ന് കായംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിനടുത്തുള്ള ഓണാഘോഷം കാണാൻ വീട്ടുകാർ പോയി തിരിച്ചു വന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഇസ്മായിൽ കോഴിക്കോട്ടു നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി. തുടർന്ന് മൂന്നാം തീയതി പത്തനംതിട്ടയിലുള്ള ഇയാളുടെ പെണ്സുഹൃത്തിനെ കാണാനായി വന്നു. തുടർന്ന് ഇയാൾ പത്തനാപുരത്ത് നിന്ന് ഒരു സ്‌കൂട്ടർ മോഷ്ടിച്ച് കായംകുളത്തെത്തി.
ഇതിനിടെയായിരുന്നു ഇയാൾ പെരിങ്ങാലയിലെ ആളില്ലാ വീട്ടിൽ കയറി കവർച്ച നടത്തിയത്. അതിനുശേഷം ഇയാൾ അടൂരിലേക്ക് പോവുകയും സ്‌കൂട്ടർ അവിടെ കളഞ്ഞ ശേഷം ബേസിൽ കോഴിക്കോട്ടുപോയി. അവിടെ ലോഡ്ജിലായിരുന്നു താമസം. കവർന്ന സ്വർണ്ണം കണ്ണൂർ ടൗണിലെ ഒരു ജൂവലറിയിൽ വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പോലീസ് വലയിലായത്.
തുടർന്ന് ഇയാളിൽ നിന്നും മുഴുവൻ സ്വർണ്ണവും കണ്ടെടുത്തു. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.