പാറശാല : പച്ചക്കറി വാങ്ങാൻ എന്ന വ്യാജേന കടയിൽ എത്തി മോഷണം നടത്തിയ 45 കാരി അറസ്റ്റിലായി. പാറശാല മുറിയങ്കര നെടുംപിഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരിയാണ് പിടിയിലായത്. കഴിഞ്ഞ പതിനാറാം തീയതി നെടിയാംകോട്ടുള്ള കടയിൽ എത്തി ഇവർ പച്ചക്കറി ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ കാറ്റേ ഉടമയുടെ ശ്രദ്ധ മാറിയതോടെ പണം കൈക്കലാക്കി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
ഈ ഓട്ടോയിൽ ഇവർ ധനുവച്ചപുറത്തു ഇറങ്ങി സമാനമായ രീതിയിൽ മറ്റൊരു കടയിൽ നിന്ന് പച്ചക്കറി വാങ്ങാനെത്തി. ഇവിടെയും ഇതേ രീതിയിൽ വ്യാപാരിയുടെ മൊബൈൽ ഫോൺ, നാലായിരം രൂപ എന്നിവ കവർന്നു. ഫോൺ കാണാതായതിനെ തുടർന്ന് അടുത്തുള്ള കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മല്ലികയുടെ ചിത്രം ലഭിച്ചത്.
പോലീസിൽ പരാതി എത്തിയതോടെ പാറശാല പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടി. സമീപ പ്രദേശങ്ങളായ നെയ്യാറ്റിൻകര, വെള്ളറട പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരവധി കവർച്ച കേസുകളിൽ ഇവർ പ്രതിയാണെന്ന് കണ്ടെത്തി. നാളുകൾക്ക് മുമ്പ് ഇവർ ഉദിയൻകുളങ്ങരയിലെ കച്ചവടക്കാരിയുടെ 35000 രൂപ, രണ്ടു പവന്റെ സ്വർണ്ണമാല എന്നിവ കവർന്നതും വനജകുമാരി ആണെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ആഴ്ചകൾക്കുള്ളിൽ ഇവർ എട്ടു മോഷണങ്ങളാണ് നടത്തിയത്.